മാധ്യമ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങണം; മാധ്യമ വിലക്കിന് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍

കോഴിക്കോട്: കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമവിലക്കില്‍ ജഡ്ജിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്.
കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വിലക്കിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. രാജ്യചരിത്രത്തിലില്ലാത്ത മാധ്യമ വിലക്കിന് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു അഭിഭാഷകന്‍ സ്ത്രീയെ നടുറോഡില്‍ വച്ചു കടന്നുപിടിച്ചത് വാര്‍ത്തയാക്കിയതിന് മാധ്യമങ്ങളെ തടയുകയാണിവര്‍ ചെയ്യുന്നത്. അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. പെലീസിനെതിരെ അഭിഭാഷക അസോസിയേഷന്‍ പ്രമേയം ഇറക്കാനൊരുങ്ങി. എന്നാല്‍, യോഗത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഈ അഭിപ്രായ വ്യത്യാസം ഡെക്കാന്‍ ക്രോണിക്കിള്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന്റെ ചുവടുപിടിച്ച് അഭിഭാഷകര്‍ നിലവിട്ട് പെരുമാറുകയാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളെ കടിഞ്ഞാണിടാന്‍ വ്യാപകമായ ശ്രമമുണ്ടായിരുന്നു. എന്നാല്‍, അതിനേക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെ സാഹചര്യം. സംസ്ഥാനത്തെ കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് എര്‍പ്പെടുത്തിയത് കൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതി വാര്‍ത്തകള്‍ ഇല്ലാത്തതിനാല്‍ ഒറ്റ പത്രത്തിന്റെയും കോപ്പി കുറഞ്ഞിട്ടില്ല. ഒരു ചാനലിന്റെയും റേറ്റിങ്ങ് ഇടിഞ്ഞില്ല. അതേസമയം, നഷ്ടം മുഴുവന്‍ ജനങ്ങള്‍ക്കാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഇപ്പോള്‍ കോടതികളില്‍ മാധ്യമങ്ങളില്ലാത്തതിനാല്‍ കോടതിമുറികളില്‍ നിശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണെന്ന് അദേഹം ആരോപിച്ചു. ഏത് ഒത്തു കളിക്കും കൂട്ടുനില്‍ക്കുന്ന ജഡ്ജിമാരുണ്ട്. സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് കോടതികളില്‍ നിശബ്ദ ഒത്തുകളികള്‍ വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.