സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍;പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച്

തിരുവനന്തപുരം: കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആവശ്യസര്‍വീസുകളെയും പാല്‍,പത്രം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. പിണറായി ടൗണിനുള്ളിലെ പെട്രോള്‍ ബങ്കിനു സമീപം ഇന്നു രാവിലെ ബിജെപി പ്രവര്‍ത്തകനായ രമിത്തിനെ വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ് ഗുരുതര പരുക്കുകളുമായി തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 2002ല്‍ രമിത്തിന്റെ അച്ഛന്‍ ഉത്തമനെ സിപിഎം പ്രവര്‍ത്തകര്‍ ബസ്സില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സിപിഎം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി കെ. മോഹനന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിന്റെ ബാക്കിപത്രമാണ് രമിത്തിന്റെ മരണം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കൂത്തുപറമ്പില്‍ മൂന്നു ദിവസത്തേക്കു നിരോധനാജഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആറു മുതല്‍ 14നു വൈകിട്ട് ആറുവരെയാണു നിരോധനാജ്ഞ.പ്രദേശത്ത് കനത്ത് പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.