അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; ക്ഷേത്രങ്ങള്‍ ഭക്തജന സാഗരം

കോട്ടയം: വിജയദശമി നാളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടത്തുന്നതിനായി വിവിധ ക്ഷേത്രങ്ങളില്‍ വലിയ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊല്ലൂര്‍ മൂകാംബിക, പനച്ചിക്കാട് ദക്ഷിണ മൂകാംബിക, തുഞ്ചന്‍പറമ്പ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ ആദ്യാക്ഷരം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ക്ഷേത്രങ്ങളില്‍ ഭക്തജന സാഗരം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കുട്ടികളുമായി എഴുത്തിനിരുത്ത് ചടങ്ങിനെത്തിയ കുടുംബങ്ങളുടെ തിരക്കാണ്. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള നിരവധിയാളുകള്‍ ക്ഷേത്രത്തില്‍ എത്തി. പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഇവിടെ കുട്ടികളുടെയും മാതാപിതാക്കളുടെയും തിരക്കാണ്. സാധാരണഗതിയില്‍ എല്ലാ ദിവസവും വിദ്യാരംഭ ചടങ്ങുകള്‍ ഇവിടെ നടക്കാറുണ്ട്. എന്നിരുന്നാലും വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് ആള്‍ക്കാര്‍ ആദ്യാക്ഷരം കുറിക്കാന്‍ ഇന്നലെ മുതല്‍ ഇവിടെ എത്തിത്തുടങ്ങിയിരുന്നു. ഭാഷാപിതാവിന്റെ തിരുമുറ്റത്ത് ആദ്യാക്ഷരം കുറിക്കാന്‍ തുഞ്ചന്‍പറമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ അഞ്ചുമണി മുതല്‍ എഴുത്തിനിരുത്ത് ചടങ്ങ് ആരംഭിച്ചു. രണ്ടിടങ്ങളിലായിട്ടാണ് എഴുത്തിനിരുത്ത് ചടങ്ങുകള്‍. ഒരിടത്ത് പരമ്പരാഗത എഴുത്താശാന്മാര്‍ ചടങ്ങുകള്‍ നിര്‍വ്വഹിക്കുമ്പോള്‍ വിവിധ മേഖലയിലെ പ്രമുഖര്‍ രണ്ടാമത്തെ സ്ഥലത്ത് കുട്ടികളെ എഴുതിക്കല്‍ നിര്‍വ്വഹിക്കും. 5000 ലധികം കുട്ടികള്‍ ഇവിടെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപുലമായ ഒരുക്കങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. 30 പ്രമുഖര്‍ ചടങ്ങിനായി എത്തിയിട്ടുണ്ട്. മദ്ധ്യകേരളത്തിലെ പ്രധാന വിദ്യാരംഭ കേന്ദ്രമായ പനച്ചിക്കാട് ദേവീ ക്ഷേത്ത്രതിലും വലിയ തിരക്കായിരുന്നു. വിദ്യാമണ്ഡപത്തില്‍ 40 ആചാര്യന്മാരാണ് ഇവിടെ എഴുതിക്കാന്‍ എത്തുന്നത്. മദ്ധ്യകേരളത്തിലുള്ള ഭക്തര്‍ വിദ്യാരംഭ ചടങ്ങിന് ഇവടം കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.