കണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍ തുടങ്ങി; ബ്രാഞ്ച് സെക്രട്ടറി മോഹനനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച്; ജില്ലയില്‍ കനത്ത ജാഗ്രത

കണ്ണൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂരില്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ജില്ലയില്‍ ഹര്‍ത്താല്‍. കണ്ണൂരും മാഹിയും ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ കട കമ്പോളങ്ങള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും ഓടുന്നുണ്ട്. അതേസമയം തുടര്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്. അക്രമ സാധ്യതയുള്ള സ്ഥലങ്ങള്‍ കണക്കിലെടുത്ത് ശക്തമായ പൊലീസ് കാവലാണ്. ഇന്നലെ രാവിലെയാണ് ബ്രാഞ്ച് സെക്രട്ടറി മോഹനനെ അദ്ദേഹം ജോലി ചെയ്തിരുന്ന ഷാപ്പില്‍ കയറി ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തിയത്. ഓംനി വാനില്‍ എത്തിയ എട്ടംഗ സംഘമാണ് മോഹനനെയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ അശോകനേയും ഷാപ്പില്‍ കയറി വെട്ടിയത്. അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഹനന്റെ സംസ്‌ക്കാരം ഇന്ന് അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ നടക്കും.

© 2024 Live Kerala News. All Rights Reserved.