മാത്യു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ഹെയ്തിയില്‍ 850 പേരുടെ ജീവന്‍ കവര്‍ന്നു; ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരലീന അടിയന്തരാവസ്ഥ

ഹെയ്തി: മാത്യു കൊടുങ്കാറ്റ് ഹെയ്തിയില്‍ 850 പേരുടെ ജീവന്‍ കവര്‍ന്നു. ഹെയ്തി തീരത്തു നിന്ന് അമേരിക്കയിലെ ഫ്‌ളോറിഡ തീരത്തേയ്ക്ക് ആഞ്ഞടിച്ച കാറ്റ് വന്‍ നാശം വിതച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹെയ്തിക്കു പുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, സെന്റ് വിന്‍സന്റ്, ഗ്രാനഡ എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു. മാത്യു ഭീഷണിയെ തുടര്‍ന്ന് പ്രസിഡന്റ് ബരാക് ഒബാമ ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരലീന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് 20 ലക്ഷത്തോളം പേരേ ഒഴിപ്പിച്ചിരുന്നു. ഫ്‌ളോറിഡാ തീരത്ത് കനത്ത മഴയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്. ഇവിടെ വൈദ്യുതിബന്ധം പാടേ തകരാറിലായി. മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലാണ് കാറ്റു വീശുന്നത്. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പുനല്‍കി. നാല് സംസ്ഥാനങ്ങളില്‍ കാറ്റ് നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അമേരിക്കയിലെ നാലുസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അടച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.