മാത്യു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; മരണം സഖ്യ 283 ആയി; ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ

ഗ്വണ്ടനാമോ: മാത്യു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന ഹെയ്തിയില്‍ കൊടുങ്കാറ്റില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 283 ആയി.മരണനിരക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഉപദ്വീപിലെ പ്രധാന നഗരമായ ജെര്‍മിയില്‍ 80 ശതമാനം കെട്ടിടങ്ങളും നിലംപരിശായി. സുഡ് പ്രവിശ്യയില്‍ 30,000 വീടുകള്‍ തകര്‍ന്നു.ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയാണ് കൂടുതലും ആളുകള്‍ മരിച്ചത്. ഹെയ്തിയില്‍ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റിനെത്തുടര്‍ന്നു കനത്തമഴ പെയ്തു. കൃഷിയിടങ്ങളും പട്ടണങ്ങളും റിസോര്‍ട്ടുകളും കാറ്റിന്റെ സംഹാരതാണ്ഡവത്തിനിരയായി. ക്യൂബയിലെ ഗ്വണ്ടനാമോ പ്രവിശ്യയിലെ ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിനു കനത്ത നാശം നേരിട്ടു. ബഹമാസില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധങ്ങള്‍ താറുമാറാകുകയും ചെയ്തു. വന്‍നാശം വിതച്ച് വീശിയടിക്കുന്ന മാത്യു കൊടുങ്കാറ്റ് അടുത്തെത്തിയതിനെ തുടര്‍ന്ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബഹാമാസിലേക്കും ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്തേക്കും നീങ്ങിയ മാത്യു കൊടുങ്കാറ്റ് ജോര്‍ജിയ, സൗത്ത് കരോളിന, നോര്‍ത്ത് കരോളിന എന്നിവിടങ്ങളിലും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളൈന എന്നിവിടങ്ങളിലെ തീരമേഖലകളില്‍നിന്ന് 20 ലക്ഷം പേരെ ഒഴിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി.

© 2024 Live Kerala News. All Rights Reserved.