മലപ്പുറത്ത് രണ്ടാനമ്മ കുട്ടികളെ പുറത്താക്കി വീട്പൂട്ടി സ്ഥലംവിട്ടു; പിഞ്ചുകുഞ്ഞടക്കം നാലുകുട്ടികള്‍ തെരുവില്‍

മലപ്പുറം: തിരൂരിനടുത്ത് കൂട്ടായില്‍  രണ്ടാനമ്മ കുട്ടികളെ പുറത്താക്കി വീട്പൂട്ടി സ്ഥലംവിട്ടത്. മൂന്നു വയസുകാരനടക്കം നാലു കുട്ടികളെ വീട്ടില്‍ നിന്നിറക്കിവിട്ടാണ് രണ്ടാനമ്മ സ്ഥലംവിട്ടത്. വീടു പൂട്ടിപ്പോയതോടെ പട്ടിണിയായ കുട്ടികള്‍ പകല്‍ തെരുവിലും രാത്രി വീട്ടുവരാന്തയിലുമാണ് താമസം. ഇവരുടെ സംരക്ഷണത്തിന് സഹായം തേടി ചൈല്‍ഡ്‌ലൈന്‍ മലപ്പുറം കലക്ടറെ സമീപിച്ചു. രണ്ടാനമ്മ വീട്ടില്‍ നിന്നിറക്കി വിട്ടതോടെ കഴിഞ്ഞ രണ്ടു ദിവസമായി കുട്ടികള്‍ തെരുവില്‍ അലയുകയാണ്. രാത്രിയായാല്‍ പുസ്തകവും കുഞ്ഞുബാഗും കെട്ടിപ്പിടിച്ച് നാലുപേരും വരാന്തയില്‍ ചേര്‍ന്നു കിടക്കും. രണ്ടു ദിവസം മുന്‍പ് കുട്ടികളുടെ പിതാവ് ഗള്‍ഫിലേക്ക് പോയതോടെയാണ് രണ്ടാനമ്മ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ നാലു മക്കകളേട് ഈ ക്രൂരത കാണിച്ചത്. കുട്ടികളെ ഇറക്കിവിട്ട ശേഷം സ്വന്തം മക്കളെയുമായി വീടും പൂട്ടി പോയത്. രണ്ടു ദിവസത്തോളം വീടിനു പുറത്തു കഴിഞ്ഞ കുട്ടികളെക്കുറിച്ച് ബന്ധുക്കള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. രണ്ടാനമ്മ തങ്ങളെ പീഡിപ്പിച്ചിരുന്നതായും പട്ടിണിക്കിട്ടിരുന്നതായും കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മൊഴിനല്‍കിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം കുട്ടികളുടെ സംരക്ഷണം ബന്ധുക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടാനമ്മയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.