യൂബര്‍ ടാക്‌സിക്ക് ഹൈക്കോടതിയുടെ പച്ചക്കൊടി

 
ന്യൂഡല്‍ഹി: വിവാദത്തിലായ യൂബര്‍ ടാക്‌സി സര്‍വീസിന് ആശ്വാസമായി ഡല്‍ഹി ഹൈക്കോടതി. ലൈസന്‍സിനുവേണ്ടി യൂബര്‍ നല്‍കിയ അപേക്ഷ തള്ളിയ ഡല്‍ഹി സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. യൂബര്‍ പൂര്‍ണമായി നിരോധിക്കുന്നതിന് പകരം സര്‍ക്കാരിന് വേണമെങ്കില്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്താം. ഈ നിബന്ധനകള്‍ പാലിച്ച് യൂബറിന് സര്‍വീസ് നടത്തുകയും ചെയ്യാംഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

ഡ്രൈവര്‍ യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ട ലൈസന്‍സ് വീണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂബര്‍ നല്‍കിയ അപേക്ഷ കഴിഞ്ഞ മാസമാണ് ഡല്‍ഹി സര്‍ക്കാര്‍ തള്ളിയത്. 2006ലെ റേഡിയോ ടാക്‌സി സ്‌കീമിലെ പുതിയ ഭേദഗതികള്‍ പാലിക്കുന്നില്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ലൈസന്‍സിനുള്ള അപേക്ഷ തള്ളിയത്. ആ ധുനിക മീറ്ററുകള്‍, ജി.പി.എസ് എന്നിവ ഘടിപ്പിക്കണം, സി. എന്‍.ജി ഇന്ധനമായി ഉപയോഗിക്കണം തുടങ്ങിയ പുതിയതായി ചേര്‍ത്ത നിബന്ധനകള്‍ പാലിക്കുന്നില്ലെന്നാണ് കാണിച്ചാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കാന്‍ തയ്യാറാവാതിരുന്നത്. ഇതേ കാര്യം ചൂണ്ടിക്കാട്ടി ആപ്ര കാബ്‌സ്, ടാക്‌സി ഫോര്‍ ഷുവര്‍ എന്നിവയ്ക്കും സര്‍ക്കാര്‍ ലൈസന്‍സ് നിഷേധിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് സര്‍ക്കാരിന്റെ ഈ നടപടി കഴിഞ്ഞ ദിവസം റദ്ദാക്കി. ഇത് ചൂണ്ടിക്കാട്ടിയാണ് യൂബറും ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ ജൂണ്‍ എട്ടിന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ യൂബറിന് സര്‍വീസ് നടത്താനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.