തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.ഫീസ് ഇളവോ സ്‌കോളര്‍ഷിപ്പോ നല്‍കാനാവില്ലെന്നു മാനേജ്‌മെന്റുകള്‍ അറിയിച്ചു. അതേസമയം, ഫീസ് ഇളവു സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച നടത്തിയിരുന്നില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. പ്രവേശന നടപടികള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി പി.കൃഷ്ണദാസ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയില്ലെന്നു മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. സ്വാശ്രയ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നിരാഹാരമിരിക്കുന്ന യുഡിഎഫ് എംഎല്‍എമാരെ ആശുപത്രിയിലേക്കു മാറ്റി. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെയാണ് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയത്. ഇവര്‍ക്കു പകരം എംഎല്‍എമാരായ വി.ടി.ബല്‍റാമും റോജി എം.ജോണും സമരം ഏറ്റെടുത്തു. ലീഗ് എംഎല്‍എമാരായ പി.ഉബൈദുല്ലയും ടി.വി.ഇബ്രാഹിമും അനുഭാവ സത്യഗ്രഹം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി കടുംപിടുത്തമാണ് കാണിക്കുന്നത്. ഫീസ് ഇളവിന് മാനേജ്‌മെന്റുകള്‍ സമ്മതിച്ചിട്ടും സര്‍ക്കാരാണ് ഇളവുവേണ്ടെന്നു പറയുന്നതെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് സമരം ശക്തമാക്കി.