ഇപ്പോഴാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രിക്ക് സമ്പൂര്‍ണ പിന്തുണയുമായി താനും കോണ്‍ഗ്രസ്സും ഒപ്പമുണ്ടെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം ആദ്യമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയെ പ്രശംസിച്ചു. ഉറി ഭീകരാക്രമണത്തിന് നിയന്ത്രണരേഖ കടന്ന് ഇന്ത്യ നല്‍കിയ തിരിച്ചടിയേക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു  രാഹുല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്. അധികാരത്തിലേറി രണ്ടര വര്‍ഷം പിന്നിട്ടെങ്കിലും പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ പദവിക്കു ചേരുന്ന ഒരു നടപടി അദ്ദേഹത്തില്‍നിന്നുണ്ടാകുന്നത് ഇപ്പോഴാണ്. ഇതായിരുന്നു രാഹുലിന്റെ പരാമര്‍ശം. അതേസമയം, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രിക്ക് സമ്പൂര്‍ണ പിന്തുണയുമായി താനും േ്രകാണ്‍ഗ്രസ് പാര്‍ട്ടിയും ഈ രാജ്യം മുഴുവനായും ഇക്കാര്യത്തില്‍ അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു. അതിര്‍ത്തിയിലെ ഇന്ത്യന്‍ നടപടിയെക്കുറിച്ച് അറിഞ്ഞതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും സൈനിക നടപടിയെ സ്വാഗതം ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.