കാറ്റുപോയ സൈക്കിളാണ് സമാജ്‌വാദി പാര്‍ട്ടി;മുലായം സിങ് യാദവിന്റെ ഇടപെടല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാറ്റുപോയ സൈക്കിളാണ് സമാജ്‌വാദി പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് സൈക്കിള്‍.കാറ്റുപോയ ചക്രവുംവച്ച് സൈക്കിള്‍ ഓടിക്കാനാണു മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ശ്രമം. അതാകട്ടെ വെറും പാഴ്ശ്രമമാണ്. ഇതുമനസിലാക്കി കാറ്റുപോയ ചക്രം വലിച്ചെറിഞ്ഞു പുതിയത് സ്ഥാപിക്കാനാണ് പിതൃസഹോദരന്‍ ശിവ്പാല്‍ യാദവിന് അദ്ദേഹത്തില്‍നിന്ന് തിരിച്ചെടുത്ത സുപ്രധാന വകുപ്പുകള്‍ അഖിലേഷ് മടക്കി നല്‍കിയതെന്നും രാഹുല്‍ പരിഹസിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ ഇടപെടല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്നും കാറ്റുപോയ ചക്രം തിരികെ സൈക്കിളില്‍ പ്രതിഷ്ഠിക്കാനേ അതുപകരിച്ചുള്ളൂ എന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ഇത് പാര്‍ട്ടിക്കുള്ളില്‍ അനാവശ്യ പ്രശ്‌നങ്ങളും സൃഷ്ടിച്ചു. തിരഞ്ഞെടുപ്പിന് ഇനിയും ആറു മാസം കൂടിയുണ്ട്. കഴിഞ്ഞ നാലര വര്‍ഷവും സൈക്കിള്‍കൊണ്ട് കാര്യമായ മെച്ചമൊന്നും ഉത്തര്‍പ്രദേശിന് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന പ്രതീക്ഷയും വേണ്ടന്ന് രാഹുല്‍ . സമാജ്‌വാദി പാര്‍ട്ടിയിലെ പ്രബലവിഭാഗമായ യാദവ കുടുംബാംഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ അഭിപ്രായ പ്രകടനം. 2017ല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയ കടന്നാക്രമിച്ചുകൊണ്ടുള്ള രാഹുലിന്റെ വരവ്.

© 2024 Live Kerala News. All Rights Reserved.