ഉറിയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക;ഭീകരവാദികളെ തുരത്താന്‍ പാക് ഫലപ്രദമായ നടപടികള്‍ എടുക്കണം

വാഷിംഗ്ടണ്‍: ഉറി ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്ത് വന്നിരിക്കുന്നു. ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 18 സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് പറഞ്ഞു. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ ഫോണില്‍ വിളിച്ചാണ് റൈസ് ഇക്കാര്യം പറഞ്ഞത്. യുഎന്‍, തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദി സംഘടനകളെ തുരത്താന്‍ പാകിസ്താന്‍ ഫലപ്രദമായ നടപടികള്‍ എടുക്കുമെന്നാണ് അമേരിക്ക . അതിര്‍ത്തി കടന്നുള്ള ഭീകരവാദം മേഖലയ്ക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ ലോകത്തെങ്ങുമുള്ള ഭീകരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രയത്‌നം ഇരട്ടിപ്പിക്കാന്‍ പ്രസിഡണ്ട് ബരാക് ഒബാമ പ്രതിജ്ഞാബദ്ധനാണെന്നും സൂസന്‍ റൈസിനെ ഉദ്ധരിച്ച് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് നെദ് പ്രൈസ് പറഞ്ഞു. ഉറി ആക്രമണത്തില്‍ ഇതാദ്യമായാണ് അമേരിക്ക ഔദ്യോഗികമായി ഇന്ത്യന്‍ സര്‍ക്കാരിനോട് സംസാരിക്കുന്നത്. ആക്രമണ പശ്ചാത്തലത്തിലെ സ്ഥിതിഗതികള്‍ അറിയാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി രണ്ട് തവണ സംഭാഷണം നടത്തിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.