പ്രധാനമന്ത്രിയുടെ വീടിന്റെ പേരും കാവിവല്‍ക്കരിക്കുന്നു; ‘റേസ് കോഴ്‌സ് റോഡി’ന്റെ പേര് മാറ്റി ‘ഏക്താ മാര്‍ഗ് ‘ ആക്കാന്‍ ആലോചന;’റേസ് കോഴ്‌സ് റോഡ് ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധം’

ന്യൂഡല്‍ഹി: ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരും കാവിവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. ‘റേസ് കോഴ്‌സ് റോഡി’ന്റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. പകരം പാര്‍ട്ടി സൈദ്ധാന്തികനായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ സ്മരണയ്ക്കായി ഏക്താ മാര്‍ഗ് എന്ന് നാമകരണം ചെയ്യണമെന്നാണ് ആവശ്യം. പേര് മാറ്റുന്നതിന് വേണ്ടി ബി.ജെ.പി എം.പി മീനാക്ഷി ലേഖി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന് (എന്‍ഡിഎംസി) മുമ്പാകെ നിര്‍ദേശം വെക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന റോഡിന്റെ പേര് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി എംപി മീനാക്ഷി ലേഖി പേരുമാറ്റം നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയത്.ദീന്‍ദയാല്‍ ഉപാധ്യായുടെ തത്വചിന്തയായ അന്ത്യോദയയും ഏകാത്മതയും കടമെടുത്താണ് പേരിടല്‍. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഏകതാ മാര്‍ഗ് എന്ന പേരിലായിരിക്കും അറിയപ്പെടുക. മീനാക്ഷി ലേഖി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ നിര്‍ദേശം അവതരിപ്പിക്കുമെന്നാണ് സൂചന. 2011 ലെ ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ആക്ട് പ്രകാരം ന്യൂഡല്‍ഹി എംപിക്കും ന്യൂദല്‍ഹി, ന്യൂദല്‍ഹി കന്റോണ്‍മെന്റ് എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്കും ദല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗത്വമുണ്ട്.
കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലെ പ്രശസ്തമായ ഔറംഗസേബ് റോഡിന്റെ പേര് മാറ്റി മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരിലേക്ക് മാറ്റിയത് വിവാദമായിരുന്നു.

© 2024 Live Kerala News. All Rights Reserved.