കൊല്ലം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിച്ചു; കൊല്ലം- ആലപ്പുഴ പാസഞ്ചര്‍ ട്രെയിനാണ് ആദ്യം കടത്തിവിട്ടത്;വേഗതയ്ക്ക് നിയന്ത്രണം ഉണ്ടാകും; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: ശാസ്താംകോട്ടക്കും കരുനാഗപ്പള്ളിക്കും ഇടയില്‍ മാരാരിത്തോട്ടത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയിണ്ടായ അപകടത്തെ തുടര്‍ന്ന് താറുമാറായ കൊല്ലം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിച്ചതായി റെയില്‍വെ. കൊല്ലം- ആലപ്പുഴ പാസഞ്ചര്‍ ട്രെയിനാണ് ആദ്യം കടത്തിവിട്ടത്. എന്നാല്‍ ട്രെയിന്‍ കടത്തിവിട്ടെങ്കിലും ഇന്നോരുദിവസം കൂടി വേഗതയ്ക്ക് നിയന്ത്രണം ഉണ്ടാകും.20 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിനുകള്‍ കടത്തിവിടുക. വൈദ്യൂുതീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു.ഇന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. തിങ്കളാഴ്ച രാത്രിയാണ് മാരാരിത്തോട്ടത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത്. രാസവളം കയറ്റി തമിഴ്‌നാട് മീളവട്ടത്തുനിന്ന് കോട്ടയത്തേക്കു പോവുകയായിരുന്നു ട്രെയിനിന്റെ 21 വാഗണുകളില്‍ മധ്യഭാഗത്തെ എട്ടാമത്തേതു മുതല്‍ ഒമ്പതെണ്ണമാണ് പാളം തെറ്റിയത്. അഞ്ച് വാഗണുകള്‍ സമീപത്തെ വീട്ടുവളപ്പിലേക്ക് തെറിച്ചുവീണു. 300 മീറ്റര്‍ ഭാഗത്തെ പാളം പൂര്‍ണമായി തകര്‍ന്നു.

© 2024 Live Kerala News. All Rights Reserved.