ന്യൂയോര്‍ക്ക്: മാന്‍ഹാട്ടനില്‍ സ്‌ഫോടനം നടത്തിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്നയാള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. അഹമ്മദ് ഖാന്‍ റഹാമിയെയാണ് ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കിയതെന്ന്് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ റഹാമിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാളെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്ന് വ്യക്തമാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. എന്നാല്‍ ന്യൂജേഴ്‌സിയില്‍ നിന്ന് കണ്ടെടുത്ത പൊട്ടിത്തെറിക്കാതെ കിടന്നിരുന്ന ഒരു ഉപകരണത്തില്‍ നിന്ന് റഹാമിയുടെ വിരലടയാളം കണ്ടെത്തിയതായി മുതിര്‍ന്ന ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. പിടിയിലാവുന്ന സമയത്ത് ന്യൂജേഴ്‌സിയിലെ മെര്‍ഡീസ് ടാവേണിന്റെ വാതില്‍ക്കല്‍ ഉറങ്ങിക്കിടക്കുകയായിരുന്നു റഹാമി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ റഹാമിയെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ വെടിവെച്ചു. തുടര്‍ന്ന് രണ്ട പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും റഹാമിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭാസമ്മേളനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് മാന്‍ഹട്ടനിലെ തിരക്കേറിയ തെരുവില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു.