കെ ബാബുവിനെതിരായ വിജിലന്‍സ് കേസുകളെ കുറിച്ച് രാഷ്ട്രീയകാര്യസമിതി പരിശോധിക്കും; വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കും;അഭിപ്രായ പ്രകടനം പിന്നീടെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് കേസുകളെ കുറിച്ച് കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും രാഷ്ട്രീയകാര്യ സമിതിക്കുശേഷമെ അഭിപ്രായ പ്രകടനം നടത്തുകയെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചുള്ള പ്രാഥമികമായ അഭിപ്രായം യുഡിഎഫ് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. യുഡിഎഫും വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ സംബന്ധിച്ച വിഷയം രാഷ്ട്രീയകാര്യ സമിതിയില്‍ പരിശോധിക്കും.മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. മദ്യ നയം ഗുണം ചെയ്തില്ലെന്ന് പറയുന്നത് അത് അട്ടിമറിക്കാന്‍ ശ്രമിച്ചവരാണെന്ന് അദ്ദേഹം ആരോപിച്ചു. നയം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന പ്രചാര വേലകള്‍. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ജനങ്ങളുടെ ഹിത പരിശോധന നടത്തുക മാത്രമാണ് പോംവഴിയെന്നും തട്ടിക്കൂട്ടി എന്തെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.