പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരിച്ചറിയില്‍ പരേഡില്‍ സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു. നടനെതിരെ പോസ്‌കോ വകുപ്പും ചുമത്തി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള നിയമമാണ് പോസ്‌കോ. ഒറ്റപ്പാലം പത്തിരിപ്പാലയിലുള്ള പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് നടപടി. ഒറ്റപ്പാലം പത്തിരിപ്പാല ചന്തയ്ക്കു സമീപം നിര്‍ത്തിയിട്ട കാറിലിരുന്നു നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. പെണ്‍കുട്ടികള്‍ കാറിന്റെ നമ്പര്‍ പൊലീസിന് കൈമാറിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ഉടമ നടന്‍ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. അതേസമയം, വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് നടന്‍ ശ്രീജിത്ത് രവി പ്രതികരിച്ചു. ‘പൊലീസ് പറയുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട കാറിന്റെ നമ്പര്‍ എന്റേതു തന്നെയാണ്. പക്ഷേ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്യാര്‍ഥിനികള്‍ക്കു പറ്റിയ തെറ്റാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം. പൊലീസിനു മുന്‍പില്‍ എന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്.