പിണറായി പിന്തുടരുന്നത് നരേന്ദ്രമോദിയുടെ പാത;നൂറുദിവസം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് നല്ലതൊന്നും പറയാനില്ല; നിഷ്‌ക്രിയതയുടെ തടവറയിലാണ് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നൂറു ദിവസം പിന്നിടുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി പിന്തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാതയാണ് ചെന്നിത്തല കുറ്റപ്പെടുത്തി. നൂറുദിവസം തികയുമ്പോള്‍ പിണറായി സര്‍ക്കാരിനെക്കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദമാക്കി മാധ്യമങ്ങളെ കാണാതിരിക്കുകയും വിവരാവകാശപ്രകാരം വിവരങ്ങള്‍ ലഭിക്കാതിരിക്കുകയുമാണ് ഇപ്പോഴത്തെ അവസ്ഥ. കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിവിധ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങളാണ് ജനങ്ങളെ അറിയിക്കുന്നത്. സുപ്രധാന കേസുകളില്‍ വിധി വന്നാല്‍ അഭിഭാഷകരാണ് മാധ്യമങ്ങളെ കണ്ടുപറയേണ്ടത്. എന്നാല്‍ ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. കോടതി വിവരങ്ങള്‍ റിപ്പോര്‍ട്ടെ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം.. ഒരുകാലത്തും മാധ്യമങ്ങള്‍ക്ക് ഇതുപോലൊരു അവസ്ഥാവിശേഷം ഉണ്ടായിട്ടില്ല. ജനങ്ങള്‍ ഭയപ്പാടോടുകൂടി ജീവിക്കേണ്ട അവസ്ഥ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഉപദേഷ്ടാക്കളെക്കൊണ്ട് വലഞ്ഞ സര്‍ക്കാരാണ് ഇടതുമുന്നണിയുടേതെന്നും നിഷ്‌ക്രിയതയുടെ തടവറയിലാണ് ഈ സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ച് എന്തുപറയുന്നുവെന്ന് അദ്ദേഹം ചോദിച്ചു. എകെജി സെന്റര്‍ തീരുമാനിക്കാതെ ഒന്നും നടക്കില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ സമ്മര്‍ദ്ദം പൊലീസിനുണ്ടെന്നും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണെ്ന്നും ചെന്നിത്തല ആരോപിച്ചു. വിഎസ് പോലും സര്‍ക്കാരിനെക്കുറിച്ച് നല്ലതു പറയുന്നില്ല. വിലക്കയറ്റം കൊണ്ട് ജനം പ്രയാസപ്പെടുകയാണെന്നും അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.