കോഴിക്കോട്: പ്രമുഖ സിപിഎം നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.വി ദക്ഷിണാമൂര്‍ത്തി(81) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ ക്യാന്‍സര്‍ ബാധയാണ് മരണകാരണം. നേരത്തെ കോഴിക്കോട് പിവിഎസിലും, തുടര്‍ന്ന് മിംസിലും ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അന്ത്യം. 1965, 67, 80 വര്‍ഷങ്ങളില്‍ പേരാമ്പ്രയില്‍നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് സിപിഎം നിയമസഭാ വിപ്പുമായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയും 19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരുമായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായിരുന്നു. മാര്‍ക്‌സിയന്‍ ദര്‍ശനത്തില്‍ ആഴത്തില്‍ അറിവുള്ള അദ്ദേഹം സംഘടനാ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. ചെത്തുതൊഴിലാളികള്‍, അധ്യാപകര്‍, ക്ഷേത്ര ജീവനക്കാര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ മേഖലയിലും സജീവമായി ഇടപെട്ടു. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ദീര്‍ഘകാലം കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റംഗമായിരുന്നു.കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ ജില്ലാ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയില്‍വാസമനുഭവിച്ചു. റിട്ടയേഡ് അധ്യാപിക ടി.എം നളിനിയാണ് ഭാര്യ. മക്കള്‍: മിനി,അജയകുമാര്‍,ആര്‍.പ്രസാദ്, മരുമക്കള്‍: എ.ശിവശങ്കരന്‍, ശ്രീകല കൊടശേരി, പ്രിയ പേരാമ്പ്ര.