സോള്‍: ഭരണാധികാരി കിം ജോങ് ഉന്നിനെ അനുസരിക്കാത്ത കുറ്റത്തിന് ഉത്തര കൊറിയയില്‍ രണ്ട് ഉദ്യോഗസ്ഥരെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കി. ഇവരെ ഈ മാസം ആദ്യം വധിച്ചതെന്ന് ദക്ഷിണ കൊറിയന്‍ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2011ല്‍ പിതാവ് കിം ജോങ് രണ്ടാമന്റെ മരണത്തോടെ അധികാരമേറ്റ കിം ജോങ് നിരവധി ഉന്നത ഉദ്യോഗസ്ഥരെയാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് വധിച്ചിരുന്നു.
മുന്‍ കൃഷിമന്ത്രി ഹവാങ് മിന്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ റി യോങ് ജിന്‍ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം ദക്ഷിണ കൊറിയന്‍ യൂണിഫിക്കേഷന്‍ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഉത്തര കൊറിയയുടെ ലണ്ടനിലെ ഡെപ്യുട്ടി അംബാസഡര്‍ അടുത്തകാലത്ത് കുടുംബസമേതം ദക്ഷിണ കൊറിയയില്‍ അഭയം തേടിയിരുന്നു.
ഉത്തര കൊറിയ നടപ്പാക്കുന്ന വധശിക്ഷകളെ കുറിച്ച് അവിടെനിന്നുള്ള മാധ്യമങ്ങള്‍ വളരെ വിരളമായി മാത്രമേ വാര്‍ത്ത പുറത്തുവിടാറുള്ളു. 2012ല്‍ കിമ്മിന്റെ അമ്മാവനും ഭരണത്തിലെ രണ്ടാമനുമായിരുന്ന ജാങ് സോങ് താകിന്റെ ശിക്ഷ നടപ്പാക്കിയത് സ്റ്റേറ്റ് മാധ്യമം പുറത്തുവിട്ടിരുന്നു. മുന്‍ പ്രതിരോധമന്ത്രി ഹ്യൂന്‍ യോങ് ചോലിനെയും വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ദക്ഷിണ കൊറിയയിലെ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.സ്വേച്ഛാധിപത്യം നടമാടുന്ന ഉത്തര കൊറിയയില്‍ ഇത്തരം ക്രൂരതകള്‍ പുറത്തുവരുന്നത് അപൂര്‍വം മാത്രമാണ്.