പാലക്കാട്: മൂന്നുപേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവ് നായ ചത്തനിലയില്‍. അമ്മയുടെ കയ്യിലിരുന്ന ആറു മാസം പ്രായമുള്ള കുഞ്ഞിനെയും തെരുവുനായ കടിച്ചുകുടഞ്ഞു. നായയ്ക്ക് പേവിഷബാധയേറ്റതിനാലാവും ചത്തതെന്ന് സംശയമുണ്ട്. പാലക്കാട്-തൃശൂര്‍ അതിര്‍ത്തിയിലെ നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളിയിലാണ് സംഭവം. കുത്തമ്പുള്ളി ചാമുണ്ഡി നഗര്‍ വിനോദിന്റെ മകള്‍ താരയ്ക്കാണ് ശനിയാഴ്ച രാവിലെ നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് അമ്മ കുട്ടിയെ കുളിപ്പിച്ചുകൊണ്ടിരിക്കേയാണ് അപ്രതീക്ഷിതമായി നായ ഇവരുടെ മേല്‍ ചാടിവീണത്. കുട്ടിയുടെ വയറ്റിലാണ് നായയുടെ കടിയേറ്റത്.ഗ്രാമത്തിലെ തന്നെ രണ്ടു പേര്‍ക്കു കൂടി നായയുടെ കടിയേറ്റിട്ടുണ്ട്. ഹരിദാസിന്റെ മകന്‍ ആദര്‍ശ് (മൂന്ന്), മുരളീകൃഷ്ണന്‍ (45) എന്നിവരെയാണ് ഈ നായ ആക്രമിച്ചത്. പരുക്കേറ്റവര്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിട്ടുണ്ട്. കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായിട്ടും അത് നേരിടാനുള്ള ഫലപ്രദമായ നടപടികള്‍ ആരംഭിച്ചിട്ടില്ല. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ തടസ്സവാദമാണ് പദ്ധതികള്‍ വൈകാന്‍ കാരണം.