തിരുവനന്തപുരം: ജോലി സമയത്ത് പൂക്കളം ഒരുക്കലും ഓഫീസുകളിലേക്ക് കച്ചവടക്കാരെ ക്ഷണിച്ച് സാധനം വാങ്ങുന്നതിനും കര്‍ശന വിലക്ക്. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവട കേന്ദ്രങ്ങളാവുകയാണ് പതിവ്. ഇതനി അത് നടക്കില്ലെന്ന് മുഖ്യ.മന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തുപോയി വാങ്ങണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുക എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ യഥാസമയം തീര്‍പ്പുണ്ടാക്കുക എന്നാണര്‍ത്ഥം. അതിനു നാനാ തരത്തിലുള്ള ഇടപെടലും ജാഗ്രതയും ആവശ്യമാണ്. ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റില്‍ ഉണ്ടാവുക പ്രധാനമാണ്.
ഉത്സവ കാലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കച്ചവടക്കാര്‍ എത്തുന്നത് പതിവാണ്. ജോലി സമയത്തിന്റെ നല്ലൊരു ഭാഗം അപഹരിക്കുന്നതാണ് ഈ കച്ചവടം. അത് കര്‍ക്കശമായി നിയന്ത്രിക്കും. ഓണാഘോഷം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്ത് നടത്തുന്നത് ഉചിതമല്ല. ഓണം എന്നല്ല, ഏതു ആഘോഷവും ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ ബാധിക്കാത്ത നിലയിലാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പാക്കുമെന്നും പിന്നീട് ഫെയ്സ്ബുക്കില്‍ പിണറായി കുറിച്ചു.