കനത്ത മഴയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ശബരിമലയാത്ര റദ്ധാക്കി; പമ്പയിലെത്തിയ പിണറായി വിജയന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി

പമ്പ: കനത്തമഴയെത്തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയാത്ര റദ്ധാക്കിയത്.
പമ്പയിലെത്തിയ അദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ശബരിമലയിലേക്ക് പോകാനായിരുന്നു തീരുമാനം. മഴ ശക്തമായതോടെ പിന്നീടിത് വേണ്ടാന്ന് വച്ചു. പമ്പയില്‍ വെച്ചുതന്നെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. രാവിലെ എട്ടുമണിയോടെ പമ്പയില്‍ എത്തിയ മുഖ്യമന്ത്രി അവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചശേഷം സന്നിധാനത്തേക്ക് പോകുന്നതിനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ദേവസ്വം, ആരോഗ്യം, പൊതുമരാമത്ത് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ മന്ത്രിമാരും ദേവസ്വംബോര്‍ഡ് അംഗങ്ങളും ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതി അംഗങ്ങളും അദേഹത്തിനൊപ്പമുണ്ട്.
രാവിലെ പമ്പയില്‍ എത്തിയ മുഖ്യമന്ത്രിയെ ദേവസ്വംബോര്‍ഡ് അംഗം അജയ് തറയില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് ഗാര്‍ഡ് റൂമില്‍ എത്തിയ മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ കെ ഷൈലജ, കെ ടി ജലീല്‍, മാത്യൂ ടി തോമസ്, കെ കെ ശശീന്ദ്രന്‍, ആന്റോആന്റണി എംപി, എംഎല്‍എ മാരായ രാജു ഏബ്രഹാം, പിസി ജോര്‍ജ്ജ് എന്നിവരും എത്തിയിരുന്നു. ശബരിമലയില്‍ വിഐപി ക്യൂ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എതിര്‍ത്തത് വാഗ്വാദത്തിന് വഴിവെച്ചു. മണ്ഡലകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയും ദേവസ്വം പ്രസിഡന്റും ഇടഞ്ഞത്.

© 2024 Live Kerala News. All Rights Reserved.