കാഠ്മണ്ഡു: നേപ്പാളില്‍ ബസ്സ് നദിയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4.45ഓടെയാണ് സംഭവം. ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരെയുള്ള ചാണ്ഡിബംഗ്‌യാങിലുള്ള ശക്തമായ ഒഴുക്കുള്ള ത്രിശൂലി നദിയിലേക്കാണ് ബസ് മറിഞ്ഞതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അപകടകാരണം വ്യക്തമല്ല. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 39 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ സമീപ പ്രദേശമായ ഭാരത്പൂരിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. റോഡുകളുടെ ശോചനീയാവസ്ഥയും വാഹനങ്ങളുടെ കാലപ്പഴക്കവുമാണ് പല അപകടങ്ങളുടെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കിഴക്കന്‍ നേപ്പാളില്‍ ഈ മാസം ആദ്യം ആളുകളെ കുത്തിനിറച്ച് പോയ ഒരു ബസ് അപകടത്തില്‍പ്പെട്ട് 33 പേര്‍ മരിച്ചിരുന്നു. മൂടല്‍ മഞ്ഞിനൊപ്പം റോഡുകളുടെ ശോച്യാവസ്ഥയുമാണ് നേപ്പാള്‍ മലനിരകളെ അപകടതുരുത്താക്കുന്നത്.