ബ്രസല്‍സ്: ബെല്‍ജിയത്തിലെ ഒരു കായിക കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ബ്രസല്‍സിന് 110 കിലോമീറ്റര്‍ തെക്കുള്ള ചിമെ നഗരത്തില്‍ അര്‍ധരാത്രിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനകാരണമെന്നാണ് അഗ്‌നിശമന സേനാംഗങ്ങള്‍ പ്രാഥമികനിഗമനം. എന്നാല്‍, ഇതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചു വ്യക്തമായ ധാരണയില്ല. മാര്‍ച്ച് 22ന് ഉണ്ടായ ഭീകരാക്രമണത്തില്‍ ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമായി 32 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കായിക കേന്ദ്രത്തിലെ സ്‌ഫോടനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.