ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ല; ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്ററോളം യുവാവ് നടന്നു

ഭുവനേശ്വര്‍: ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ യുവാവ് പത്തുകിലോമീറ്ററോളം തോളിലേറ്റി നടന്നു. ക്ഷയരോഗം ബാധിച്ചാണ് യുവതി മരിച്ചത്. മൃതദേഹം ആംബുലന്‍സില്‍ കയറ്റി 60 കിലോമീറ്റര്‍ അകലെയുള്ള നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാലാണ് 12 വയസ്സുള്ള മകള്‍ക്കൊപ്പം ദനാ മജ്ഹി നടന്നത്. കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞെടുത്ത മൃതദേഹം ഇയാള്‍ തോളിലേറ്റി നടക്കുകയായിരുന്നു. ഒഡീഷയിലെ ഏറ്റവും പിന്നാക്ക ജില്ലയായ കലഹന്തി സ്വദേശിയാണിയാള്‍. പത്തുകിലോമീറ്റര്‍ നടന്നപ്പോള്‍ ഇയാളെ കണ്ട പ്രാദേശിക മാധ്യമ സംഘമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തനിക്കു ആംബുലന്‍സ് വിളിക്കാന്‍ പണമില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ അവര്‍ക്കു സഹായിക്കാനാകില്ലെന്ന് പറഞ്ഞതായും ദനാ മജ്ഹി പറയുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ജില്ലാ കലക്ടറെ അറിയിച്ചതിനെത്തുടര്‍ന്ന് ബാക്കിയുള്ള 50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനായി ആംബുലന്‍സ് ഏര്‍പ്പാടാക്കുകയായിരുന്നു. ആശുപത്രികളില്‍വച്ചു മരിക്കുന്നവരുടെ മൃതദേഹം വീടുകളിലെത്തിക്കുന്നതിനായി മഹാപാരായണ എന്ന പേരില്‍ ഒഡീഷ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 37 ആശുപത്രികളിലായി 40 വാഹനങ്ങള്‍ സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.