ന്യൂഡല്‍ഹി: പ്രതിരോധ വൃത്തങ്ങളെ ആശങ്കപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട തന്ത്രപ്രധാനരഹസ്യങ്ങളടങ്ങിയ 22,000 പേജ്ിലെ വിവരങ്ങളാണ് ചോര്‍ന്നത്. മുംബൈയിലെ പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള മഡ്ഗാവ് കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനരീതിയും മറ്റുവിവരങ്ങളും അടങ്ങുന്നതാണ് ചോര്‍ന്ന രേഖകള്‍. റെസ്ട്രിക്റ്റഡ് സ്‌കോര്‍പ്പീന്‍ ഇന്ത്യ എന്ന പേരിട്ടിരിക്കുന്ന രേഖകള്‍ ചോര്‍ന്ന വിവരം ഓസ്ട്രേലിയന്‍ പത്രം ആണ് റിപ്പോര്‍ട്ട് ചെയ്തത്. വിവരങ്ങള്‍ ശത്രുരാജ്യങ്ങളുടെ കൈകളിലെത്തിയാല്‍ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാകും. സ്‌കോര്‍പ്പീന്‍ വിഭാഗത്തില്‍പ്പെട്ട മുങ്ങിക്കപ്പല്‍ ആദ്യം ഇന്ത്യയിലാണു നിര്‍മിച്ചത്. ഈ ശ്രേണിയില്‍പ്പെട്ട മുങ്ങിക്കപ്പലുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ നടന്നിരുന്നു. ഇതിനു പിന്നാലെ സ്‌കോര്‍പ്പീന്‍ മുങ്ങിക്കപ്പലുകള്‍ നാവികസേനയ്ക്ക് ഉടന്‍ കൈമാറാനിരിക്കെയാണു സുപ്രധാന വിവരങ്ങള്‍ ചോര്‍ന്ന വാര്‍ത്ത പുറത്തുവരുന്നത്. ഫ്രഞ്ച് പ്രതിരോധ ഇടപാട് കമ്പനിയായ ഡി.സി.എന്‍.എസ്. ആണ് ഈ സാങ്കേതികവിദ്യ ഇന്ത്യക്കു കൈമാറിയത്. ഈ കമ്പനിയില്‍ നിന്ന് ആറ് സ്‌കോര്‍പ്പീന്‍ അന്തര്‍വാഹിനിയാണു നാവികസേനയ്ക്കു വേണ്ടി നിര്‍മിക്കുന്നത്. അന്തര്‍വാഹിനിയുടെ എല്ലാ വിവരങ്ങളും സംബന്ധിച്ചുള്ള രേഖകള്‍ ചോര്‍ന്നതായാണു റിപ്പോര്‍ട്ട്. ഡി.സി.എന്‍.എസിന്റെ കരാറുകാരിലൊരാളും മുന്‍ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനുമായ വ്യക്തിയാണു വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു റിപ്പോര്‍ട്ട്. 3,500 കോടി ഡോളറിന്റെ ഇടപാടാണ് ഡി.സി.എന്‍.എസുമായി ഇന്ത്യ ഏര്‍പ്പെട്ടിരുന്നത്. പ്രോജക്ട് 75 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ.എന്‍.എസ്. കല്‍വാരി എന്ന അന്തര്‍വാഹിനിയുള്‍പ്പെടെ ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനാണ് ഡി.സി.എന്‍.എസുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടത്. 2011 ലാണു വിവരങ്ങള്‍ ഡി.സി.എന്‍.എസില്‍ നിന്നു ചോര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികവിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഓസ്‌ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ പ്രതിരോധവൃത്തങ്ങള്‍ നിഷേധിച്ചിട്ടുമില്ല.