റോം: മധ്യ ഇറ്റലിയിലെ കുലുക്കി മറിച്ച ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ സെന്‍ട്രല്‍ ഇറ്റാലിയന്‍ മേഖല ഏതാണ്ട് ഭാഗികമായി തകര്‍ന്നു. അനേകം കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ചെറു നഗരമായ അമാട്രീസില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.നഗരത്തിന്റെ പകുതിയോളം തകര്‍ന്നു.
ഇറ്റാലിയന്‍ സമയം പുലര്‍ച്ചെ 3.30ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റോഡുകളെല്ലാം പൂര്‍ണ്ണമായി തകര്‍ന്നതോടെ നഗരം ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് മേയര്‍ സെര്‍ജിയോ പിറോസി വ്യക്തമാക്കി. മണ്ണിടിഞ്ഞ് നഗരത്തിലേക്കുള്ള പാലവും തകര്‍ന്ന് പോയി.
ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ റോമില്‍ വരെ കേട്ടെന്നാണ് വിവരം. അക്കുമോലി, അമാട്രീസ്, പോസ്റ്റ, അര്‍ക്വാട്ട ഡെല്‍ ട്രോണ്ടോ എന്നീ നഗരങ്ങളെയാണ് ഭൂചലനം ഏറ്റവുമധികം ബാധിച്ചത്.
മദ്ധ്യ ഇറ്റലിയെ ഉടനീളം ചുഴറ്റിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ ആടിയുലഞ്ഞതായി റോം നിവാസികളും സാക്ഷ്യപ്പെടുത്തി.