പെറ്റിക്കേസ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ലക്ഷ്യം സാമ്പത്തിക പ്രതിസന്ധി മറികടക്കല്‍; പെറ്റിക്കേസിന്റെ എണ്ണത്തില്‍ ലക്ഷ്യം തികയ്ക്കാനായി പോലീസുകാര്‍ക്ക് അധികഡ്യൂട്ടി

കോട്ടയം: പെറ്റിക്കേസ് പ്രോത്സഹാപ്പിച്ച് ഖജനാവ് നിറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പെറ്റിക്കേസിന്റെ എണ്ണത്തില്‍ ലക്ഷ്യം തികയ്ക്കാനായി പോലീസുകാര്‍ക്ക് അധികഡ്യൂട്ടി നല്‍കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുടുതല്‍ പെറ്റിക്കേസുകളെഴുതി പിഴ ഈടാക്കാന്‍ എല്ലാ ജില്ലാ പോലീസ് ചീഫുമാര്‍ക്കും സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയത്. എല്ലാ സ്‌റ്റേഷനുകളില്‍ നിന്നുമായി ഓരോ ദിവസവും പെറ്റിക്കേസുകളിലൂടെ മാത്രം ഒരു കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതിനായി എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം. മദ്യപിച്ച് വാഹനം ഓടിക്കുക, നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ ഓടിക്കുക, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക, അനധികൃത പാര്‍ക്കിങ് എന്നിവയ്‌ക്കെല്ലാം പെറ്റിക്കേസ് ചുമത്തി പിഴ ഈടാക്കും. അനധികൃത പാര്‍ക്കിങ്ങുകാര്‍ക്കെതിരേ ഗതാഗതം തടസപ്പെടുത്തിയെന്ന വകുപ്പു കൂടി ചേര്‍ത്താണു കേസെടുക്കുന്നത്. അയ്യായിരം രൂപ വരെയാണു പിഴ.
സ്‌റ്റേഷന്‍ പരിധിയുടെ വ്യാപ്തി അനുസരിച്ച് ഒരു ദിവസം 25 മുതല്‍ 50 വരെ പെറ്റിക്കേസ് പിടിക്കണമെന്നാണ് നിര്‍ദേശം. അമിത വേഗം, യൂണിഫോം ഇല്ലാതെ ബസ്/ഓട്ടോറിക്ഷ ഓടിക്കുക, അലക്ഷ്യമായി ഓവര്‍ടേക്ക് ചെയ്യുക, ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുക, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക. ഇരുചക്ര വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുക എന്നിവയാണ് പ്രധാനമായും പെറ്റിക്കേസില്‍ പെടുത്തുന്നത്. 200 മുതല്‍ 400 രൂപ വരെയാണു പിഴ. ഇത് അപ്പോള്‍ത്തന്നെ വാങ്ങും. ഇങ്ങനെ പിരിച്ചെടുക്കുന്ന പണം പിറ്റേന്നുതന്നെ പോലീസ് മേധാവിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. അക്കൗണ്ടില്‍ ഏറ്റവും കൂടുതല്‍ തുക എത്തിക്കുന്ന ജില്ലാ പോലീസ് മേധാവികള്‍ക്കു സര്‍ക്കാരിന്റെ വക പ്രോത്സാഹനമുണ്ടാകും. നിശ്ചിത എണ്ണം പെറ്റിക്കേസ് എടുക്കാനായി ഡ്യൂട്ടി സമയം കഴിഞ്ഞാലും പോലീസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തണമെന്നാണു നിര്‍ദേശം. ഖജനാവ് നിറയ്ക്കുകയെന്ന ലക്ഷ്യത്തോടൊപ്പം നിയമലംഘനം തടയുകകൂടിയാണ് ലക്ഷ്യം.

© 2024 Live Kerala News. All Rights Reserved.