വ്യാജ ‘പ്രേമം’: സംവിധായകനോടും നിര്‍മാതാവിനോടും ഹാജരാവാന്‍ നോട്ടീസ്.. സിനിമ ബന്ദിനൊരുങ്ങി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

കൊച്ചി: പ്രേമം എന്ന സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ച സംഭവത്തില്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍, നിര്‍മാതാവ് അന്‍വര്‍ റഷീദ് എന്നിവര്‍ ഹാജരാകണമെന്ന് ആന്റി പൈറസി സെല്‍ ആവശ്യപ്പെട്ടു. ഇമെയിലിലൂടെ പരാതി കൊടുത്തതല്ലാതെ അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ ഒന്നും ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും നല്‍കിയിട്ടില്ലെന്ന് ആന്റിപൈറസി സെല്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദീകരണം ആന്റി പൈറസി സെല്‍ ഇരുവരോടും ചോദിക്കുമെന്നാണ് സൂചന. അല്‍ഫോണ്‍സും അന്‍വറും നാളെ ഹാജരായേക്കും.

വ്യാജപതിപ്പ് പുറത്തായതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക കേന്ദ്രത്തിലെ തിയേറ്ററിലും കഴക്കൂട്ടം കിന്‍ഫ്രയിലെ വിസ്മയാ സ്റ്റുഡിയോയിലും ക്രൈംബ്രാഞ്ച് ആന്റി പൈറസി സെല്‍ പരിശോധന നടത്തിയിരുന്നു. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ അടക്കം ഒന്‍പതുപേരില്‍ നിന്ന് മൊഴിയെടുത്തു. രണ്ടിടത്തേയും കമ്പ്യൂട്ടറുകളിലെ ലോഗ് ഡീറ്റെയ്ല്‍സ് പരിശോധിക്കാന്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തു. പ്രേമത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന ചിത്രത്തിന്റെ കാമറാമാനേയും ക്രൈംബ്രാഞ്ച് എസ്.പി രാജ്പാല്‍ മീണയുടെ സംഘം ചോദ്യംചെയ്തു. അതേസമയം തമിഴ് നാട് സ്വദേശിയായ സിനിമ രംഗവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെ പൊലീസ് ചോദ്യം ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സാങ്കേതികമായ കാര്യങ്ങള്‍ ഉള്ളതിനാല്‍ പൂര്‍ത്തിയാകുവാന്‍ സമയം എടുക്കുമെന്നാണ് ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞു.

അതേ സമയം പ്രേമം സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് കോപ്പി വ്യാജ സി.ഡിയായി ഇറങ്ങിയതിനെ കുറിച്ചുള്ള അന്വേഷണം വെറും പ്രഹസനമാണെന്ന് ആരോപിച്ച് തീയറ്ററുടമകള്‍ സിനിമ ബന്ദിന് ഒരുങ്ങുന്നു.

അന്വേഷണം നടക്കുന്നത് സിനിമ ഷൂട്ടിംഗ് പോലെയാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആക്ഷേപിച്ചു. ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തീയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ബഷീര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.