ഗുവാഹത്തി: അസമിലെ ബിജെപി പ്രാദേശിക നേതാവ് രത്‌നേശ്വര്‍ മോറന്റെ മകനെ ഉള്‍ഫ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി. 27കാരനായ കുല്‍ദീപ് മോറനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളുടെ നടുവില്‍ ബന്ദിയാക്കപ്പെട്ട കുല്‍ദീപിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഭീകരര്‍ ഒരു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഈ മാസം ഒന്നിനാണ് കുല്‍ദീപിനെ നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അസമിലെ ബിജെപി എംഎല്‍എ ബോലിന്‍ ചേതിയയുടെ അനന്തിരവനാണ് കുല്‍ദീപ്. പച്ച ടീ ഷര്‍ട്ട് ധരിച്ച് മുട്ടുകുത്തിയിരിക്കുന്ന കുല്‍ദീപിന് ചുറ്റും മുഖംമൂടി ധരിച്ച അഞ്ച് തോക്കുധാരികള്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഭീകരര്‍ പുറത്തുവിട്ടത്. വീഡിയോയില്‍ തന്റെ രക്ഷിതാക്കളോടും അമ്മാവനോടും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിനോടും രക്ഷിക്കണമെന്ന് കുല്‍ദീപ് കേണപേക്ഷിക്കുന്നുണ്ട്. താന്‍ അവശനാണെന്നും തന്റെ ആരോഗ്യം നശിച്ചുവെന്നും കൊടുംവനത്തില്‍ ചിത്രീകരിച്ച വീഡിയോയില്‍ കുല്‍ദീപ് പറയുന്നു.