താനൂര്‍ ആലിന്‍ചുവടില്‍ വീണ്ടും മുസ്ലിംലീഗ് അഴിഞ്ഞാട്ടം; പൊലീസിന് നേരെ ആക്രമണം; തിരൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

മലപ്പുറം: ചെറിയ ഇടവേളയ്ക്ക് ശേഷം താനൂരിനടുത്ത് ഉണ്യാല്‍ ആലിന്‍ചുവട് കടപ്പുറത്ത് വീണ്ടും മുസ്ലിംലീഗ് അഴിഞ്ഞാട്ടം. മുന്നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തിരൂര്‍ ഡിവൈഎസ്പി വി സന്തോഷ്, താനൂര്‍ എസ് ഐ സുമേഷ് സുധാകര്‍ ഉള്‍പ്പടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. മുഖത്തും കൈക്കും പരിക്കേറ്റ ഡിവൈഎസ്പിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ മാസം 16ന് ലീഗുകാര്‍ പോലീസിനെ ആക്രമിച്ചിരുന്നു. അന്ന് എസ് ഐ സുമേഷ് സുധാകര്‍ ഉള്‍പ്പടെ നാലു പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച്ച വൈകീട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്ത് സിപിഎം പ്രവര്‍ത്തകരുടെ കടകളും വീടുകളും തകര്‍ക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിനു നേരെയാണ് ലീഗ് അക്രമം നടന്നത്. അക്രമത്തില്‍ മുഖത്തും കൈക്കും പരിക്കേറ്റ തിരൂര്‍ ഡിവൈഎസ്പി കെ വി സന്തോഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൂര്‍ എസ് ഐ സുമേഷ് സുധാകര്‍, തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അലോഷ്യസ്, എ ആര്‍ ക്യാമ്പിലെ ഡി കെ മധു, മനോജ് പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിറമരുതൂര്‍ മങ്ങാട്ട് ഞായറാഴ്ച്ച ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഗതാഗത നിയന്ത്രണത്തിനായി ഇവിടെ നില്‍ക്കുമ്പോഴാണ് ആലിന്‍ ചുവടില്‍ സംഘര്‍ഷം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇവിടെയെത്തിയ പോലീസിനെ കണ്ടതോടെ മുന്നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സ്ഥലത്തെ ക്രിമിനലുകള്‍ നുഴഞ്ഞുകയറിയതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.