പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് സ്വര്‍ണ്ണം കവര്‍ന്നവര്‍ ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍; പൊലീസ് കസ്റ്റഡിയിലുള്ള ഒരാള്‍ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതിയെന്ന് സൂചന

കൊച്ചി: പെരുമ്പാവൂര്‍ പാറപ്പുറത്തെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 60 പവന്‍ കവര്‍ന്ന സംഭവത്തില്‍ പിടിയിലായവര്‍ ലഷ്‌കര്‍ ഇന്‍ തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയുമായ തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍. നാലു പേരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള ഒരാള്‍ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതി അബ്ദുല്‍ ഹാലിമാണെന്നും മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഷംനാദ്, അജിംസ് എന്നിവരാണു കസ്റ്റഡിയിലുള്ള മറ്റു പ്രതികള്‍. കസ്റ്റഡിയിലുള്ള ഒരാള്‍ തടിയന്റവിട നസീറിന്റെ അടുത്ത അനുയായി ഷഹനാസിന്റെ സുഹൃത്താണെന്നാണു വിവരം. മുഖ്യ സൂത്രധാരനെ പാലക്കാടുനിന്നാണു പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. എറണാകുളം, കണ്ണൂര്‍ സ്വദേശികളേയാണു പിടികൂടാനുള്ളത്. തടിയന്റവിട നസീറുമായി ബന്ധമുള്ളതിനാല്‍ തീവ്രവാദത്തിനു പണം കണ്ടെത്താനാണോ കവര്‍ച്ചയെന്നാണു പോലീസ് സംശയിക്കുന്നത്. കളമശേരി ബസ് കത്തിക്കല്‍ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. തീവ്രവാദ പ്രവര്‍ത്തനത്തിനു പണം കണ്ടെത്താന്‍ മുന്‍പും സ്വര്‍ണക്കവര്‍ച്ച നടന്നിട്ടുണ്ട്. നേരത്തേ, കിഴക്കമ്പലത്ത് ജൂവലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ തടിയന്റവിട നസീറും സഹായിയും അറസ്റ്റിലായിരുന്നു. കൃത്യത്തിനു പിന്നിലെ മുഴുവന്‍ പ്രതികളേയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കവര്‍ന്ന സ്വര്‍ണം ഒളിവിലായ പ്രതികളുടെ കൈവശമെന്നാണു സൂചന. സ്വര്‍ണം കണ്ടെടുത്തശേഷമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനിടയുള്ളു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ എട്ടംഗ സംഘം പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണവും 25,000 രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്നത്. ആസൂത്രകരടക്കം പത്തുപേരാണു കവര്‍ച്ചയ്ക്കു പിന്നിലെന്നാണു പോലീസ് കണ്ടെത്തിയത്. ഭീകരവാദ ആവശ്യങ്ങള്‍ക്കുള്ള പണം ഇപ്രകാരമാണ് സംഘം കണ്ടെത്തുന്നതെന്ന് പൊലീസ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.