റിയോയില്‍ ചരിത്രം കുറിച്ച പി വി സിന്ധു സ്വര്‍ണ്ണം ലക്ഷ്യമിട്ട് ഇന്നിറങ്ങും; നൂറ്റിരുപത് കോടി പ്രതീക്ഷകള്‍ ഈ ബാഡ്മിന്റണ്‍ താരത്തിന് ഊര്‍ജ്ജം പകരും; ചക്ദേ ഇന്ത്യാ

റിയോ: റിയോയിലെ പുല്‍ക്കൊടികളെപ്പോലും രോമാഞ്ചമണിയിച്ച് കൊണ്ടാണ് ഇന്ത്യന്‍ സുന്ദരി പി വി സിന്ധു ചരിത്രംകുറിച്ചത്. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച സിന്ധുവിലൂടെ ഇന്ത്യ ഒരു മെഡല്‍കൂടി ഉറപ്പിച്ചു. സ്വര്‍ണ്ണം ലക്ഷ്യമിട്ട് സിന്ധു ഇന്നിറങ്ങുമ്പോള്‍ നൂറ്റിരുപത് കോടി പ്രതീക്ഷകളാണ് അവളുടെ ഊര്‍ജ്ജം. സാക്ഷി വെങ്കലം നേടിയപ്പോള്‍ സിന്ധുവില്‍ പ്രതീക്ഷിക്കുന്നത് സ്വര്‍ണ്ണമെഡല്‍ മാത്രമാണ്. സെമിഫൈനല്‍ മത്സരത്തില്‍ ജപ്പാന്‍ താരം നോസോമി ഒകുഹാരയേയാണ് സിന്ധു അടിച്ചുതകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-19, 21-10. ഇതോടെ, നിരാശയുടെ ദിനങ്ങള്‍ക്ക് ശേഷം റിയോയില്‍ ഇന്ത്യ രണ്ടാം മെഡല്‍ ഉറപ്പിച്ചു. വനിതാ വിഭാഗം ഗുസ്തിയില്‍ സാക്ഷി മലികിലൂടെ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. ഒളിംപിക്സ് ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ സ്പെയിനിന്റെ ലോക ഒന്നാം റാങ്കുകാരിയായ കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി. ആദ്യസെമിയില്‍ ചൈനയുടെ ലീ ഷുറോയിയെ തോല്‍പ്പിച്ചാണ് മാരിന്‍ ഫൈനലില്‍ ഇടം പിടിച്ചത്. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ സൈന നെഹ്വാള്‍ സെമിയിലെത്തിയിരുന്നു. അന്ന് സെമിയില്‍ തോറ്റ സൈന വെങ്കല മെഡല്‍ പോരാട്ടത്തില്‍ വിജയം നേടി. ലോകറാങ്കിങ്ങില്‍ ആറാമതുള്ള ഒകുഹാരയ്ക്കെതിരെ തകര്‍പ്പന്‍ പോരാട്ടമായിരുന്നു 10-ാം സ്ഥാനക്കാരിയായ സിന്ധുവിന്റേത്. ആദ്യസെറ്റു മുതല്‍ ആത്മവിശ്വാസത്തോടെ പൊരുതിയ സിന്ധു എതിരാളിയെ തുടക്കം മുതലേ നിഷ്പ്രഭയാക്കി. ആദ്യസെറ്റില്‍ ആദ്യ പോയിന്റ് ജപ്പാന്‍ താരം നേടിയതൊഴിച്ചാല്‍ പിന്നീട് ലീഡ് നിലനിര്‍ത്താന്‍ സിന്ധുവിനായി. വിട്ടുകൊടുക്കാതെ ഒപ്പത്തിനൊപ്പം പിടിച്ച ഒകുഹാര ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച സിന്ധു 21-ന് 19ന് ആദ്യ സെറ്റ് സ്വന്തമാക്കി. സൈനയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തുനിന്ന നൂറുകോടി ജനതയുടെ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്താന്‍ സിന്ധുവിനായിരുന്നു നിയോഗം. തെലുങ്കാനയുടെ തീക്ഷ്മണമായ വഴികളിലൂടെയെത്തിയ സിന്ധുവിന്റെ മുന്നില്‍ സ്വര്‍ണ്ണമല്ലാതെയൊരു ലക്ഷ്യമില്ല.

© 2024 Live Kerala News. All Rights Reserved.