അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം കൈമാറി; കേസ് റദ്ധാക്കാനാവില്ലെന്ന് പൊലീസ് വിചാരണക്കോടതിയെ അറിയിച്ചു

കൊച്ചി: ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് റദ്ധാക്കണമെന്ന് ധനേഷ് മാഞ്ഞൂരാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനാവില്ലെന്നും പൊലീസ് വിചാരണക്കോടതിയെ അറിയിച്ചു. അഭിഭാഷകന്‍ തന്നെ കയറിപ്പിടിച്ചെന്ന് യുവതി നേരിട്ട് മൊഴി നല്‍കിയിരുന്നു. അദ്ദേഹത്തിനെതിരെ കേസെടുത്തപ്പോള്‍ തനിക്കെതിരെ അപവാദ പ്രചരണം നടത്തി. തെറ്റ് ചെയ്തയാളെ സംരക്ഷിക്കാന്‍ ഒരു വിഭാഗം അഭിഭാഷകര്‍ ശ്രമിക്കുകയാണെന്നും യുവതി കുറ്റപ്പെടുത്തി. സംഭവം ഉണ്ടായതിന് ശേഷം ഇയാളുടെ അച്ഛനും അമ്മയും ഭാര്യയും എന്നെ വന്നു കണ്ടിരുന്നു. ജാമ്യം കിട്ടാന്‍ സഹായിക്കണമെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടു. ധനേഷ് മാത്യു മാഞ്ഞൂരാനെ തനിക്ക് നേരത്തെ അറിയില്ല. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും യുവതി പറഞ്ഞിരുന്നു. സംഭവത്തില്‍ 37 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴികളില്‍നിന്നും കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാത്യു മാഞ്ഞൂരാനായിരുന്നു ഹൈക്കോടതിയെ സമീപിച്ചിച്ചത്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 14നു രാത്രി ഏഴ് മണിക്ക് എറണാകുളം കോണ്‍വന്റ് ജംക്ഷന് സമീപം വെച്ചാണ് ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചതെന്നാണ് പരാതി. ഇത് നേരില്‍കണ്ടെന്ന് പറഞ്ഞ് ബേക്കറി ഉടമയും രംഗത്തെത്തിയിരുന്നു. ഈ സംഭവം വാര്‍ത്തയാക്കിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി വളപ്പിലും വഞ്ചിയൂര്‍ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട് കോടതിയില്‍ സ്ഥലം എസ്‌ഐ ഉപയോഗിച്ചാണ് അഭിഭാഷകര്‍ നീക്കം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംഘടിത ആക്രമണത്തിന് പിന്നില്‍ എം കെ ദാമോധരന് പങ്കുണ്ടെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.