ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കയറിപ്പിടിച്ചകേസ് റദ്ധാക്കാനാവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍; ഗവ. പ്ലീഡര്‍ക്കെതിരെ വരുന്ന വാര്‍ത്തകള്‍ തടയണമെന്ന് പ്രതിഭാഗം

കൊച്ചി: നടുറോഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യൂ മാഞ്ഞൂരാനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസന്വേഷണം അന്തിമ ഘട്ടത്തിലാണ്. അതേസമയം മാഞ്ഞൂരാന്റെ കേസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ തടയണമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. യുവതിയെ കടന്നുപിടിച്ച കേസ് സ്റ്റേ ചെയ്യണമെന്ന പ്രതിയും സര്‍ക്കാര്‍ പ്ലീഡറുമായ ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹരജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. പൊലീസ് കള്ളക്കേസ് ചുമത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ധനേഷ് മാത്യു അന്ന് ഹൈകോടതിയെ സമീപിച്ചിരുന്നത്. രാത്രി 7.10ന് എറണാകുളം ഉണ്ണിയാട്ടില്‍ ലെയിനില്‍വെച്ച് ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവര പ്രകാരം രാത്രി കാനന്‍ഷെഡ് റോഡില്‍വെച്ചു ധനേഷ് പിടിയിലായി. ആളുമാറിയാണ് പരാതി നല്‍കിയതെന്ന് യുവതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് ധനേഷിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ധനേഷും കേരള ഹൈകോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷനും രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകായിരുന്നു. എന്നാല്‍ ഇതിനിടെ പോലീസ് യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍കൊണ്ടുപോയി രഹസ്യമൊഴി എടുപ്പിച്ചിരുന്നു. ധനേഷ് മാഞ്ഞൂരാന്‍ തന്നെയാണ് തന്നെ കയറിപ്പിടിച്ചതെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ വിഷയം വിവാദമാക്കരുതെന്നും കേസ് പിന്‍വലിക്കണമെന്നും പറഞ്ഞ് തന്നെക്കൊണ്ട് എഴുതി ഒപ്പിടുവിച്ചിരുന്നെന്നും യുവതി മൊഴി നല്‍കിയിരുന്നു. പിതാവ് മുദ്രപത്രത്തില്‍ എഴുതിയ കത്തില്‍ ധനേഷിന് തെറ്റുപറ്റിയെന്ന് സമ്മതിച്ചിരുന്നു. ഇങ്ങനെ ഒതുക്കിയ കേസാണ് വീണ്ടും പുറത്തുവന്നത്. ഇപ്പോള്‍ അഴിഞ്ഞാട്ടം നടത്തുന്ന അഭിഭാഷകരെല്ലാംതന്നെ പീഡനവീരനായ ധനേഷിന് അനുകൂലമായി നില്‍ക്കുകയായിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതും കോടതിയില്‍ കയറാന്‍ വിലക്കേര്‍പ്പെടുത്തിയതും.

© 2024 Live Kerala News. All Rights Reserved.