ശ്രീശ്രീ രവിശങ്കറിന്റെ സമ്മേളനം കൊണ്ട് യമുനാതീരത്തെ ജൈവസമ്പത്ത് പൂര്‍ണമയും നശിച്ചു; ജൈവവൈവിധ്യം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നും ഹരിത ട്രിബ്യൂണല്‍ വിദഗ്ധ സമിതി

ന്യൂഡല്‍ഹി: യമുനാതീരത്ത് ശ്രീശ്രീ രവിശങ്കര്‍ സംഘടിപ്പിച്ച ‘വിശ്വ സാംസ്‌കാരികോത്സവം’ എന്ന പരിപാടി കൊണ്ട് യമുനാ തീരത്തെ ജൈവസമ്പത്ത് പൂര്‍ണമയും നശിച്ചുവെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ജൈവവൈവിധ്യം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നും ഹരിത ട്രിബ്യൂണല്‍ വിദഗ്ദ്ധ സമിതി കണ്ടെത്തി. സമ്മേളനത്തിന്റെ പ്രധാന വേദിയായിരുന്ന ഡല്‍ഹിയിലെ ഡിഎന്‍ഡി മേല്‍പ്പാലം മുതല്‍ ബാരാപുള്ള ഡ്രെയിന്‍ വരെയുള്ള തീരം പൂര്‍ണ്ണമായും നശിച്ചുവെന്നും ഇവിടെ ഒന്നാകെ നിരപ്പാക്കി കളഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മാസം നടന്ന സമ്മേളനം വരുത്തി വെച്ച പരിസ്ഥിതി നാശത്തെ കുറിച്ച് അന്വേഷിക്കാനായി കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായ ഏഴുംഗ സമിതിയെയാണ് ട്രിബ്യൂണല്‍ നിയമിച്ചിരുന്നത്. നാഷണല്‍ എന്‍വയോണ്‍മെന്റ് എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹി ഐ.ഐ.ടി എന്നിവിടങ്ങളിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് അംഗങ്ങളായുണ്ടായിരുന്നത്. ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.