നാദാപുരത്തെ ഷിബിന്‍ വധക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു; ഇന്നോവ കാറിലെത്തിയ അജ്ഞാതസംഘമാണ് ആക്രമിച്ചത്;പ്രദേശത്ത് സംഘര്‍ഷാവസ്ഥ

കോഴിക്കോട്: ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന നാദാപുരം തുണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന മുഹമദ് അസ്ലമാണ് വെട്ടേറ്റ് മരിച്ചത്. ഇന്നോവ കാറിലെത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്. വെട്ടേറ്റ് മുഹമദ് അസ്ലത്തിന്റെ വലതുകൈപ്പത്തി അറ്റുതൂങ്ങിയിരുന്നു.
വടകരയില്‍നിന്നു നാദാപുരത്തേക്കു ബൈക്കില്‍ പോകുമ്പോള്‍ ബൈക്കിലെത്തിയ സംഘമാണ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്.ചാലപ്രത്ത് വച്ചാണ് സംഭവം.  പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നാദാപുരം, കല്ലാച്ചി, വളയം, ചാലപ്രം പ്രദേശത്താണ് അസ്‌ലത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. തുണേരി ഷിബിന്‍ വധക്കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനായ അസ്ലം ഉള്‍പ്പെടെ 17 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. സിപിഎം-മുസ്ലിംലീഗ് സംഘര്‍ഷം നടക്കുന്ന നാദാപുരത്തുള്ള അക്രമങ്ങള്‍ പതിവാണ്. മുഹമദ് അസ് ലത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി നാദാപുരം പൊലീസ് സ്ഥിരീകരിച്ചു. 2015 ജനുവരി 22 ന് രാത്രിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ടത്. മറ്റ് ആറ് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയവും വര്‍ഗീയപരുമായ കാരണങ്ങളാല്‍ ഷിബിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഒന്ന് മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും 12 മുതല്‍ 17 വരെയുള്ള പ്രതികള്‍ സഹായം ചെയ്തുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ കോടതി വെറുതെ വിട്ട പ്രതിയാണ് വെട്ടേറ്റ് മരിച്ചത്.

© 2024 Live Kerala News. All Rights Reserved.