ഫാത്തിമ സോഫിയ വധക്കേസില്‍ നാല് വൈദികര്‍കൂടി അറസ്റ്റില്‍; പ്രധാനപ്രതിയും വിദ്യാര്‍ഥിനിയുടെ ട്യൂഷന്‍മാസ്റ്ററുമായ ഫാ. ആരോഗ്യരാജ് നേരത്തെ പിടിയിലായിരുന്നു

പാലക്കാട്: പ്രമാദമായ ഫാത്തിമ സോഫിയാ വധക്കേസില്‍ നാല് വൈദികരെ കൂടി പൊലീസ് പിടിയിലായി. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ്പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയും വിദ്യാര്‍ഥിനിയായ ഫാത്തിമയുടെ ട്യൂഷന്‍ മാസ്റ്ററുമായ ഫാ.ആരോഗ്യരാജ് നേരത്തെ അറസ്റ്റിലായിരുന്നു. പള്ളി അങ്കണത്തില്‍ നടന്ന കൊലപാതകം ബിഷപ്പും മറ്റ് വൈദികരും മൂടിവെച്ചെന്നെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. പെണ്‍കുട്ടി തൂങ്ങിമരിച്ചുവെന്നുപറഞ്ഞ് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റു ചെയ്യുന്നതിന് രണ്ടരവര്‍ഷമെടുത്തതിന് പിന്നില്‍ ബിഷപ്പിന്റെയും മറ്റ് വൈദികരുടേയും ഇടപെടലാണെന്ന് നേരത്തേ സംശയമുണ്ടായിരുന്നു.

2012 ജൂലായ് 23ന് പാലക്കാട് വാളയാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചന്ദ്രാപുരം പള്ളിയിലാണ് 17കാരിയായ ഫാത്തിമാ സോഫിയ(17) കൊല്ലപ്പെട്ടത്. ശ്രീകൃഷ്ണകോളജിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിക്ക് ചില വിഷയങ്ങളില്‍ ട്യൂഷന്‍ എടുത്തു നല്‍കിയിരുന്നത് ചന്ദ്രാപുരം പള്ളിയിലെ അസി. വികാരിയായ ആരോഗ്യരാജ് ആയിരുന്നു. 2012 ജൂലായ് 23 ന് മകളെ കൊന്നുവെന്ന് ആരോഗ്യരാജ് പെണ്‍കുട്ടിയുടെ അമ്മ ശാന്തിയെ വിളിച്ച് പറഞ്ഞതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

© 2024 Live Kerala News. All Rights Reserved.