ലോകം അവസാനിക്കും, എല്ലാം പൊട്ടിത്തകരുമെന്ന് ശാസ്ത്ര ലോകം

 

ന്യൂയോര്‍ക്ക്: എന്തിനും ഒരു അവസാനമുണ്ട്. അതുപോലെ ഒരിക്കല്‍ ഈ പ്രപഞ്ചവും തകര്‍ന്നു തരിപ്പണമാകുമെന്ന് ശാസ്ത്രജ്ഞന്‍മാരുടെ ഭാവന. എന്നാല്‍ അതു പെട്ടെന്ന് സംഭവിക്കില്ല. ഏകദേശം 22 ബില്യന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയും ഭൂമി നിലനില്‍ക്കുന്ന പ്രപഞ്ചവും ഒന്നും ഉണ്ടാവില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം.

പ്രപഞ്ചത്തിലെ നക്ഷത്രകൂട്ടങ്ങളും നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ഭൂമിയും ഭൂമിയിലെ ജീവജാലങ്ങളും എല്ലാം തകര്‍ന്നു ഇല്ലാതാകും. വലിയൊരു പൊട്ടിത്തെറിയില്‍ എല്ലാം അവസാനിക്കും. എല്ലാം ധൂളികളായി മാറുമെന്നും ഗവേഷകര്‍ ഭാവനയില്‍ കാണുന്നു. നിലവി!ല്‍ പ്രപഞ്ചത്തിലെ ചില പൊട്ടിത്തെറികളും പ്രതിഭാസങ്ങളും നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞര്‍ ഇത്തരമൊരു ഭാവനാ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ പ്രപഞ്ചത്തില്‍ നിരവധി നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും സ്ഥിരമായി പൊട്ടിത്തെറികള്‍ ഉണ്ടാകുന്നുണ്ട്. ഇത് വലിയൊരു പൊട്ടിത്തെറിയുടെ തുടക്കം മാത്രമായാക്കാമെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു.

കോടാനു കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയൊരു വിസ്‌ഫോടത്തിലൂടെയാണ് നിലവിലെ പ്രപഞ്ചം ഉണ്ടായതെന്നാണ് ശാസ്ത്രം പറയുന്നത്. അന്നത്തെ വിസ്‌ഫോടത്തില്‍ രൂപംകൊണ്ട പദാര്‍ഥങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇന്നത്തെ ഭൂമിയടങ്ങുന്ന പ്രപഞ്ചം ഉണ്ടായത്. എന്നാല്‍ അന്നുണ്ടായ പ്രപഞ്ചത്തിലെ ഓരോന്നും വിഘടിച്ച് വികസിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തമോ ഊര്‍ജത്തില്‍ നിന്നാണ് ഇത് സാധ്യമാകുന്നത്. ഇതുവരെയും അളന്നു തിട്ടപ്പെടുത്താനാവാത്ത തമോ ഊര്‍ജമാണ് പ്രപഞ്ചത്തിലെ ഈ അനുസ്യൂത വികസത്തിന്റെ പിന്നിലെന്നാണ് ശാസ്ത്ര പഠനങ്ങള്‍ പറയുന്നത്.

നിലവിലെ പ്രപഞ്ചവും പ്രപഞ്ചത്തിലെ ജീവനും ചിന്നിച്ചിതറി ഒന്നും ഇല്ലാതാകുമെന്ന് വാന്‍ഡെര്‍ബില്‍റ്റ് സര്‍വകലാശാലയിലെ ഡോ. മാര്‍സെലോ ഡിസ്‌കോണ്‍സിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണു നിഗമനത്തിലെത്തിയിരിക്കുന്നത്. ഓരോ നിമിഷവും പ്രപഞ്ചത്തിന്റെ വേഗം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വേഗത കൂടിവന്ന് നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും നിലവിലെ പാതയില്‍ നില്‍ക്കാന്‍ കഴിയാതെ വരും. അതോടെ ഒരോന്നും തമ്മിലിടിച്ച് തകരും. ഈ തകര്‍ച്ചയില്‍ ആറ്റങ്ങളും ആറ്റങ്ങളുടെ അടിസ്ഥാന കണങ്ങള്‍ക്ക് വരെ രൂപമാറ്റം സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു നിഗമനത്തില്‍ എത്താനാകുമെങ്കിലും ഫിസിക്കല്‍ വാക്കുകളില്‍ മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്. 70 ശതമാനം വരുന്ന ഇരുണ്ട ഊര്‍ജ്ജം പ്രപഞ്ചത്തിന്റെ അവസാനത്തിലേക്ക് നയിക്കുമെന്നും കരുതുന്നു. ഗുരുത്വാകര്‍ഷണവും തമോ ഊര്‍ജവും തമ്മില്‍ വലിയ പോരാട്ടം നടക്കുകയാണ്. ഈ പോരാട്ടത്തില്‍ അവസാനത്തെ ജയം തമോ ഊര്‍ജ്ജത്തിനായിരിക്കും. ഇതോടെ പ്രപഞ്ചം അവസാനിക്കും. എന്നാല്‍ ഈ പോരാട്ടത്തില്‍ ഗുരുത്വാകര്‍ഷണബലം വിജയിച്ചാല്‍ 14 ബില്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതുപോലെ പ്രപഞ്ചമായി ചുരുങ്ങും. മറിച്ചാകുമ്പോള്‍ ഒന്നും ശേഷിക്കാതെ അനന്തതയിലേക്ക് എല്ലാം ചിതറിപ്പോകും. ചിലപ്പോള്‍ പ്രപഞ്ചത്തിലെതെല്ലാം തണുത്തുറഞ്ഞ് ഐസായേക്കാമെന്നും നിഗമനമുണ്ട്.

© 2024 Live Kerala News. All Rights Reserved.