ഇറോം ശര്‍മിളയ്ക്ക് ഇംഫാല്‍ കോടതി ജാമ്യം അനുവദിച്ചു; നിരാഹാരസമരം അവസാനിപ്പിച്ചു; സമരത്തെ ആത്മഹത്യാശ്രമമായി കാണരുതെന്ന് ഇറോം

ഇംഫാല്‍: ഇറോം ചനു ശര്‍മിളയ്ക്ക് ഇംഫാല്‍ കോടതി ജാമ്യം അനുവദിച്ചു. ആത്മഹത്യാശ്രമക്കേസിലാണ് ജാമ്യം. വൈകുന്നേരത്തോടെ ഇറോം ശര്‍മിളയെ മോചിപ്പിച്ചേക്കും. കോടതിയില്‍ നിന്ന് ശര്‍മിളയെ തിരികെ ജയിലിലേക്ക് മാറ്റി. പതിനാറുവര്‍ഷം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചു. ഇംഫാലിലെ കോടതിയില്‍ ഹാജരായ ഇറോം ശര്‍മിള സമരം പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. സമരത്തെ ആത്മഹത്യാശ്രമമായി കാണരുതെന്നും ഇറോം ശര്‍മിള ആവശ്യപ്പെട്ടു. ആത്മഹത്യാ ശ്രമത്തിന് കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥയോടെ മാത്രമേ മോചിപ്പീക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ നിന്നാണ് ഇറോം ശര്‍മിള ജില്ലാകോടതിയില്‍ എത്തിയത്. 2000 നവംബര്‍ അഞ്ചിനാണ് ഇറോം ശര്‍മിള നിരാഹാരസമരം തുടങ്ങിയത്. ഇംഫാല്‍ വിമാനത്താവളത്തിനു സമീപം അസം റൈഫിള്‍ നടത്തിയ വെടിവയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സൈന്യത്തിനുള്ള പ്രത്യേക അധികാരം അഫ്‌സ്പ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള സമരം തുടങ്ങിയത്.

© 2025 Live Kerala News. All Rights Reserved.