മനില സി മോഹന്‍
അഭിഭാഷകരുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പ്രശ്‌ന പശ്ചാത്തലം മാറ്റിവെക്കാം. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വിമര്‍ശനങ്ങളെ പോസിറ്റീവായി പരിഗണിക്കാം. തിരുത്താന്‍ കുറേയേറെയുണ്ട് എന്ന് നമുക്കു തന്നെ അറിയാം എന്ന അടിസ്ഥാന വസ്തുതയിലേക്ക് സഹിഷ്ണുതയോടെ എത്തിച്ചേരാം. മാധ്യമ പ്രവര്‍ത്തകരെന്നാല്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകരാണ് എന്ന എളുപ്പമുള്ള തീരുമാനത്തിലേക്ക് കഴിഞ്ഞ 15-20 വര്‍ഷത്തെ ടെലിവിഷന്‍ വിപ്ലവം പ്രേക്ഷകവിമര്‍ശകരെ എത്തിച്ചിട്ടുണ്ട് ( വിമര്‍ശകര്‍ പത്രവും ആനുകാലികങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വായിക്കുന്നവരാണെങ്കിലും). അതില്‍ത്തന്നെ ‘ടീവീല്‍ കാണുന്ന ‘ വരെ – ന്യൂസ്പ്രസന്റേഴ്‌സിനെ , റിപ്പോര്‍ട്ടര്‍മാരെ – യാണ് കണ്ടുകിട്ടുന്നവര്‍ എന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തകരായി പരിഗണിക്കുന്നത്. താരതമ്യേന എണ്ണത്തില്‍ കുറവായ ഈ മാധ്യമ പ്രവര്‍ത്തകരുടെ ഭാഷ, ശരീര ഭാഷ, നിലപാടുകള്‍, രാഷ്ട്രീയം ഒക്കെയാണ് അധികവും വിമര്‍ശന വിധേയമാകുന്നത്. ഒരു ന്യൂസ് ചാനലിനെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തെ ഡെഡ് ലൈനുള്ള പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി 24 മണിക്കൂറും ഡെഡ് ലൈനാണ്. എഡിറ്റര്‍ എന്ന ചെക്ക് പോയന്റ് , നിസ്സഹായമാവുന്ന അവസ്ഥ. ഓരോ ലൈവ് ബുള്ളറ്റിനും കഴിയുമ്പോഴും ഓരോ വര്‍ഷത്തെ ആയുസ്സ് തീരുമെന്ന് റിപ്പോര്‍ട്ടിങ്ങ് തുമ്പത്ത് നില്‍ക്കുന്ന റിപ്പോര്‍ട്ടറും പ്രൊഡക്ഷന്‍ തുമ്പത്ത് നില്‍ക്കുന്ന ഡസ്‌കിലെ പ്രൊഡ്യൂസറും ടെലിപ്രോംപ്റ്ററിനു മുന്നിലിരിക്കുന്ന ന്യൂസ് പ്രസന്ററും മനസ്സിലോര്‍ക്കാത്ത ദിവസങ്ങളുണ്ടാവില്ല. ഒരു പത്രത്തിന്റേയോ ആനുകാലികത്തിന്റേയോ സമ്മര്‍ദ്ദ രീതികളല്ല , ലൈവ് ബുള്ളറ്റിന്റെ ഓഫ് ദ സ്‌ക്രീന്‍ സമ്മര്‍ദ്ദങ്ങള്‍. സമയവും വസ്തുതകളും ടെക്‌നോളജിയും തമ്മിലുള്ള കൊടും സംഘര്‍ഷങ്ങളാണവിടെ. ടി.വിയ്ക്കു മുന്നിലിരുന്ന് വാര്‍ത്ത കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും ഊഹിക്കാനാവില്ല, മനസ്സിലാവില്ല ആ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും. ആ ഒരു സ്ട്രീമില്‍ തെറ്റുകള്‍ സംഭവിക്കാം, നാക്കു പിഴ സംഭവിക്കാം. ചിലതെല്ലാം തിരുത്തപ്പെടും. ചിലതെല്ലാം പിന്നാലെ വരുന്ന വാര്‍ത്തകളാല്‍ മൂടിപ്പോവും.
പക്ഷേ ദൃശ്യമാധ്യമ രീതികള്‍ ( ചിലരുടെയെങ്കിലും) വിമര്‍ശിക്കപ്പെടേണ്ടതുണ്ട് എന്നതു തന്നെയാണ് വസ്തുത. സ്‌ക്രീന്‍ പ്രസന്റ്‌സിന്റെ ഗ്ലാമറില്‍, പകിട്ടില്‍ അവതരണത്തിന്റെയും റിപ്പോര്‍ട്ടിങ്ങിന്റെയും ഭാഷ, രീതികള്‍ ഒക്കെ വാര്‍ത്താവതരണത്തിനപ്പുറം അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഭാഷയും രീതിയും കൈക്കൊള്ളുമ്പോഴാണ് പ്രേക്ഷകര്‍ അസ്വസ്ഥരാവുന്നത്. ചര്‍ച്ചകളില്‍ പരസ്പര ബഹുമാനമില്ലാതെ അലറി വിളിക്കുമ്പോഴാണ് പ്രേക്ഷകര്‍ നെറ്റി ചുളിക്കുന്നത്. അഗ്രസീവാകുക എന്നാല്‍ അറഗന്റ് ആവുകയല്ല എന്ന തിരിച്ചറിവ് നഷ്ടമാവുമ്പോഴാണ് പ്രേക്ഷകര്‍ അവതാരകര്‍ക്കു നേരെ തിരിയുന്നത്. വാര്‍ത്താ ചാനലുകള്‍ പിന്നിട്ടു വന്ന വര്‍ഷങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അനുഭവങ്ങളുടെ ആഴം കൂടുന്നില്ല എന്നിടത്താണ് പ്രശ്‌നം. എളുപ്പച്ചര്‍ച്ചകളുടെ ആഴമില്ലായ്മയില്‍ അഭിരമിക്കുകയാണ് എല്ലാവരും. വ്യാജബിംബങ്ങളേയും സ്‌പേസ് കൊടുക്കേണ്ടാത്തവരേയും ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളുടേയും ഈസി അവയ് ലബിലിറ്റിയുടേയും പേരില്‍ നിരന്തരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ചാനലകളുടെ രാഷ്ട്രീയ നിലപാടു പ്രഖ്യാപനത്തിനുള്ള പ്രധാനപ്പെട്ട സമയവും സ്‌പേസുമാണ്. വിഷയത്തിന്റെ ഉള്ളിലേക്ക് കടക്കാത്ത തീര്‍ത്തും ഉപരിപ്ലവങ്ങളായ റിപ്പോര്‍ട്ടിങ്ങ് രീതികള്‍, ചോദിക്കാതെ പോകുന്ന ചോദ്യങ്ങള്‍, ചോദ്യങ്ങളിലെ അനാവശ്യ ധാര്‍ഷ്ട്ര്യം, ഭരണകൂട ഏജന്‍സി സോഴ്‌സുകളെ (മാത്രം) സംശങ്ങളില്ലാതെ ആശ്രയിക്കല്‍ തുടങ്ങി ജനപക്ഷത്തുനിന്നുള്ള മാറി നടപ്പ് ജനങ്ങള്‍ക്ക് മനസ്സിലാവുക തന്നെ ചെയ്യും. മലയാള ടെലിവിഷന്‍ ജേണലിസത്തിന്റെ തുടക്കകാലത്ത് ജനപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന വലിയ കാഴ്ചപ്പാടുണ്ടായിരുന്നു. അന്ന് പക്ഷേ ടെക്‌നിക്കല്‍/ ടെക്‌നോളജിക്കല്‍ പെര്‍ഫെക്ഷന്‍ ഇല്ലായിരുന്നു. പക്ഷേ ഇന്ന് ആ പെര്‍ഫെക്ഷന്‍ ഉണ്ട്. ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ഉള്ളടക്കത്തിന്റെ കരുത്താണ്. ഉറപ്പായും തിരിച്ചുപിടിക്കാന്‍ കഴിയുന്ന, തിരിച്ചു പിടിക്കേണ്ടുന്ന കരുത്ത്.
നമ്മള്‍ എന്ന് പറയേണ്ടിടത്ത് ഞാന്‍ എന്ന് പറയാന്‍ തുടങ്ങുമ്പോഴാണ്, ഞാന്‍ എന്ന് എഴുതാന്‍ തുടങ്ങുമ്പോഴാണ് ഓരോ മാധ്യമ പ്രവര്‍ത്തകരും ദൃശ്യ/ അച്ചടി / വെര്‍ച്വല്‍ ഭേദമില്ലാതെ ‘അവനവന്‍ തുരുത്തി ‘നെ ഭൂമിക്കു മുകളില്‍ നില്‍ക്കുന്ന വാര്‍ത്താവിതരണ ഉപഗ്രഹമായി തെറ്റുദ്ധരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ‘ഞാന്‍’ അല്ല , മെയിന്‍ സ്ട്രീംമീഡിയയിലെ ‘ഞാന്‍’. മെയിന്‍ സ്ട്രീമില്‍ ‘ഞാന്‍’ അനാവശ്യമാണ്. അവിടെ നമ്മള്‍ മാത്രമേ ആവശ്യമുള്ളൂ. എഴുതുന്ന, പറയുന്ന ഓരോ വാക്കും പൊളിറ്റിക്കലായിരിക്കണം എന്ന് നിര്‍ബന്ധമുള്ള നമ്മള്‍ . നിരന്തരം സ്വയം നവീകരണത്തിന് പരുവപ്പെടേണ്ട നമ്മള്‍. പക്ഷം പിടിക്കേണ്ടത് ജനങ്ങളുടേത് മാത്രമെന്ന് ബോധ്യമുള്ള നമ്മള്‍. ഭരണകൂടങ്ങളുടെ പ്രതിപക്ഷമായിരിക്കും എന്ന് ഉറപ്പുള്ള നമ്മള്‍. അക്രഡിറ്റേഷന്‍ കാര്‍ഡും പ്രസ്സ് കാര്‍ഡും അധികാര ചിഹ്നമോ പലതരം കവാടങ്ങള്‍ക്കു മുന്നിലെ ഫ്രീ എന്‍ട്രി പാസോ അല്ല എന്ന് തിരിച്ചറിവുള്ള നമ്മള്‍. ശമ്പളം വാങ്ങുന്ന തൊഴിലെങ്കിലും ആ തൊഴിലിന് അവധിയില്ലെന്നും സമയപരിധിയില്ലെന്നും ഒപ്പം ഭയാനകമാം വിധം ഉത്തരവാദിത്തമുണ്ടെന്നും തിരിച്ചറിയേണ്ട നമ്മള്‍. ഒരുതരം ലോബിയിങ്ങിന്റേയും ഭാഗമാവില്ലെന്ന് വാശിയുള്ള നമ്മള്‍. സംശയങ്ങളേതുമില്ലാതെ കയറിച്ചെല്ലാനുള്ള അവകാശം ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തകര്‍ക്കും എവിടേയും ലഭിക്കുന്നത് ഒരു വലിയ സംവിധാനത്തിന്റെ, സമൂഹത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും ‘ഞാന്‍’ ആയതു കൊണ്ടല്ല എന്നും അറിയാവുന്ന നമ്മള്‍. സൗജന്യങ്ങള്‍ കൈപ്പറ്റുമ്പോള്‍ അതൊരു ബാധ്യതയായി മാറും എന്ന് മുന്‍കൂട്ടിക്കാണാന്‍ പറ്റുന്ന നമ്മള്‍. കള്ളു കുടിച്ചും ഹെല്‍മെറ്റ് വെക്കാതെയും വണ്ടിയോടിച്ച് പിടിക്കപ്പെടുമ്പോള്‍പ്പോലും ഊരിപ്പോരാന്‍ ഐ.ഡി കാര്‍ഡ് കാണിക്കുന്നത് നാളെ തിരിഞ്ഞ് കൊത്തുമെന്ന് ദീര്‍ഘദര്‍ശനം ചെയ്യുന്ന നമ്മള്‍. പ്രിവിലെജുകള്‍ അധികാരമല്ല എന്നും ധാര്‍ഷ്ട്യത്തിന് ഒരു വകുപ്പും അതിലില്ല എന്നും അറിയുന്ന നമ്മള്‍. പ്രേക്ഷകര്‍ക്ക്, വായനക്കാര്‍ക്ക് മറ്റ് ചോയ്‌സുകളുണ്ടെന്ന് വിനയം കൊള്ളേണ്ട നമ്മള്‍. സോഷ്യല്‍ മീഡിയയുടെ ‘ആധികാരികത’യേക്കാള്‍ ആധികാരികത നാമുള്‍പ്പെടുന്ന മെയിന്‍ സ്ട്രീം മീഡിയക്കു തന്നെയാണെന്ന് ഉത്തരവാദിത്തത്തോടെ അഭിമാനിക്കേണ്ട നമ്മള്‍. നിരന്തരം സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു കൊണ്ടേയിരിക്കേണ്ട നമ്മള്‍. ഇങ്ങനെയൊരു സ്വയം വിമര്‍ശനം നടത്താനുള്ള സമയം വൈകിയിരിക്കുന്നു.
(മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ കോപ്പി എഡിറ്ററായ മനില സി മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)