മാധ്യമപ്രവര്‍ത്തകര്‍ വഴിയില്‍ തൂക്കിയ ചെണ്ടയല്ല, ജനാധിപത്യസംരക്ഷകര്‍ തന്നെയാണ്

എസ്. വിനേഷ്‌കുമാര്‍
ജനാധിപത്യ സംവിധാനത്തെ കരുത്തുറ്റതാക്കുന്നതിലും പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും നാലാം തൂണായി നിലകൊള്ളുന്ന ഫോര്‍ത്ത് എസ്‌റ്റേറ്റ് ദുര്‍ബലമാകുമ്പോഴുണ്ടാകുന്ന അരാജകത്വം അനിര്‍വചനീയമാണ്. പാര്‍ലമെന്റും എക്‌സിക്യൂട്ടിവ്‌സും ജുഡീഷ്യറിയും മീഡിയയും ഉറച്ചുനില്‍ക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യത്തിന് അതിന്റെ അന്ത:സത്ത നിലനിര്‍ത്താന്‍ കഴിയു. നിര്‍ഭാഗ്യവശാല്‍ പൊതുസമൂഹം എന്ന അരാഷ്ട്രീയ സമൂഹത്തില്‍ നിന്ന് ഇപ്പോഴുണ്ടാകുന്ന അപസ്വരങ്ങള്‍ ജനാധിപത്യത്തിന്റെ കെട്ടുറപ്പിനെ എത്രത്തോളം അപകടകരമായി ബാധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. വിമര്‍ശനത്തിനതീതമല്ല ജുഡീഷ്യറിപോലും. പക്ഷേ ഇതെല്ലാം അടിച്ചമര്‍ത്തപ്പെടേണ്ടതാണെന്നുള്ള അരാഷ്ട്രീയവും അപക്വവുമായ ചിന്തയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യണമെന്നുള്ള ചര്‍ച്ചകള്‍ പരക്കെ ഉയരുന്നത്. രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും അഴിമതിക്കാരാണെന്നും ജുഡീഷ്യറിയും അഴിമതി മുക്തമല്ലെന്നും മാധ്യമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി നലകൊള്ളുന്നുവെന്നൊക്കെയുള്ള ചര്‍ച്ചകളാണ് എങ്ങും. ഇക്കൂട്ടരെയെല്ലാം കൈകാര്യം ചെയ്യുകയും ഇവരെ തള്ളിക്കളഞ്ഞുകൊണ്ട് അരാഷ്ട്രീയമായൊരു പ്ലാറ്റ് ഫോമാണ് വേണ്ടതെന്നുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും സജീവമായി ഉയരുന്നത്. നമ്മുടെ സമൂഹത്തെ ബാധിച്ച പുഴുക്കുത്തുകളുടെ തേരോട്ടത്തിന്റെ പ്രതിഫലനം ജനാധിപത്യസംവിധാനത്തിലും ഉണ്ടെന്നുള്ളത് വസ്തുത തന്നെയാണ്. അതിനെ രാഷ്ട്രീയമായി മറി കടക്കാനും തിരുത്താനുമുള്ളൊരു ഇച്ഛാശേഷിയും രാഷ്ട്രീയപരമായ പ്രാപ്തിയും കൈവരിക്കാന്‍ സമൂഹത്തിന് കഴിയുകയാണ് ആദ്യം വേണ്ടത്. അങ്ങനെ ചെയ്യുന്നതിന് പകരം അഭിഭാഷകരെല്ലാം മോശക്കാരാണ്, മാധ്യമപ്രവര്‍ത്തകര്‍ അതിലും മോശക്കാരാണെന്നും ഇവര്‍ക്ക് കിട്ടേണ്ടത് തന്നെ കിട്ടിയെന്നൊക്കെയുള്ള അപക്വമായ ചര്‍ച്ചകളും വാദങ്ങളും ഉയര്‍ത്തുമ്പോള്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പൗരന്റെ അജ്ഞത ആശങ്കാജനകമാണ്. മാധ്യമസ്വതന്ത്രം എന്നത് ജനാധിപത്യത്തിന്റെ തേജസ്സും ഓജസ്സും നിലനിര്‍ത്തുന്ന അനിവാര്യമായൊരു ഘടകമാണ്. മാധ്യമസ്വാതന്ത്ര്യം ഇല്ലാത്ത എത്രോയൊ രാജ്യങ്ങള്‍ ഉണ്ട്. ഫിഡല്‍ കാസ്‌ട്രോയും റൗള്‍ കാസ്‌ട്രോയും അധികാരം കയ്യാളുന്ന കമ്മ്യൂണിസ്റ്റുകാരുടെ സ്വകാര്യ അഹങ്കാരമായ ക്യൂബയില്‍പോലും മാധ്യമ സ്വാതന്ത്ര്യമില്ല.

7

സാമ്രാജ്യത്വത്തിനെതിരെയും ഭീകരവാദത്തിനെതിരെയുമൊക്കെയുള്ള പോരാട്ടം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍പോലും പ്രയോജനപ്പെടാതെ പോകുന്നത് മാധ്യമസ്വാതന്ത്രത്തിന്റെ അഭാവമോ നിയന്ത്രണമോ മൂലമാണെന്ന യാഥാര്‍ഥ്യം നമ്മുടെ മുന്നിലുണ്ട്. മാധ്യമങ്ങള്‍ക്ക് കൃത്യമായ പക്ഷംതന്നെയുണ്ട്. നിക്ഷ്പക്ഷത എന്നത് ഇരകളോടുള്ള പക്ഷപാതിത്വം തന്നെയാണ്. അപ്പോള്‍ പരസ്യദാതാക്കള്‍ വേട്ടക്കാരുടെ പക്ഷത്തെത്തുമ്പോള്‍ മാധ്യമങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന ചോദ്യമുയര്‍ത്തുന്നവരുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെ മൂന്നായി തരംതിരിക്കാം. പത്രമാധ്യമം, ദൃശ്യമാധ്യമം, നവമാധ്യമം. ഒരു വ്യവസായമെന്ന നിലയില്‍ അതിന്റെ വരുമാനത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പത്ര-ദൃശ്യമാധ്യമങ്ങള്‍ മാറി നില്‍ക്കാറുണ്ട്. ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാറുമുണ്ട്. നവമാധ്യമങ്ങളില്‍ അമ്പതുശതമാനവും എല്ലാവാര്‍ത്തകളും വലിയ രീതിയില്‍ത്തന്നെ കൊടുക്കാറുമുണ്ട്. ഉദാഹരണത്തിനായി അമൃതാനന്ദമയീ മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് മനോരമ, മാതൃഭൂമി, കേരള കൗമുദി പത്രങ്ങള്‍ വാര്‍ത്ത തമസ്‌കരിച്ചപ്പോള്‍ മാധ്യമം, തേജസ്, മംഗളം പോലുള്ള പത്രങ്ങള്‍ വാര്‍ത്ത നല്‍കി. ചാനലുകളാണെങ്കില്‍ ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ പോലുള്ള ചാനലുകളും ഒട്ടുമിക്ക നവമാധ്യമങ്ങളും ഈ സംഭവത്തെ അര്‍ഹിച്ച പ്രാധാന്യത്തോടെത്തന്നെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. വന്‍കിട ആശുപത്രികള്‍, സ്വര്‍ണ്ണവ്യാപാര ശാലകള്‍ ഇവര്‍ക്കെതിരെയുള്ള പല വാര്‍ത്തകളും മുഖ്യധാരാമാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതില്‍ പരിമിതിയുണ്ടായപ്പോള്‍ നവമാധ്യമങ്ങള്‍ ദിവസങ്ങളോളം വാര്‍ത്ത നല്‍കാന്‍ തയ്യാറായി. എല്ലാ വാര്‍ത്തയും എല്ലാവരും കൊടുക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് പലപ്പോഴും അനാരോഗ്യകരമായ ചര്‍ച്ചകളിലേക്ക് നയിക്കുന്നത്. ബാഗ്ദാദില്‍ സ്‌ഫോടനമുണ്ടായാലും അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടാലും കാബൂളില്‍ സ്‌ഫോടനമുണ്ടായാലുമൊേെക്ക നിമിഷങ്ങള്‍ക്കകം നമ്മുടെ വീട്ടിനകത്ത് തന്നെ വിവരം എത്തുന്നുണ്ട്. അതിനപ്പുറത്തേക്കൊരു ഇന്‍ഫര്‍മേഷന്‍ സാധ്യത ഇല്ലെന്നത് തന്നെയാണ് വസ്തുത. സോഷ്യല്‍മീഡിയയില്‍ വരുന്ന പോസ്റ്റുകളുടെ 90 ശതമാനവും ന്യൂസ് ഓറിയന്റഡാണ്. ഇതില്‍ 70 ശതമാനവം വിവരങ്ങളും ലഭിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും. മാധ്യമങ്ങളില്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും കേരളംപോലുള്ള ഇന്റലക്ച്വലായൊരു സൊസൈറ്റിക്കാവില്ല. ഈ സാഹചര്യത്തില്‍ മാധ്യമവിരുദ്ധമായൊരു പ്രചാരണത്തിന് പിന്നിലെ അജണ്ട ആര്‍ക്കാണ് ഗുണം ചെയ്യുക?

3
സംഭവിക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നു ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരുടെ ഏക പക്ഷീയമായ മാധ്യമ ആക്രമണം. ഗവ. പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത നല്‍കിയതായിരുന്നു അഭിഭാഷകരെ പ്രകോപിപ്പിച്ചത്. പിന്നീടിത് തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതി പരിസരത്തേക്കും നീണ്ടു. മീഡിയ റൂം പൂട്ടുകയും മാധ്യമപ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തു. ഇതില്‍ വൈകാരികമായി അഭിപ്രായങ്ങളും ആക്ഷേപങ്ങളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. ഹൈക്കോടതി വളപ്പില്‍ അമ്പതില്‍ താഴെയുള്ള മാധ്യമപ്രവര്‍ത്തകരെയാണ് 250 ഓളം വരുന്ന അഭിഭാഷകര്‍ ആക്രമിച്ചത്. കേരള ഹൈക്കോടതിയില്‍ 5000ത്തോളം അഭിഭാഷകരുണ്ട്. ഇതില്‍ പത്ത് ശതമാനം പേരുപോലും ആക്രമത്തിന് മുതിര്‍ന്നിട്ടില്ലയെന്ന പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. പീഡക്കേസിലെ പ്രതിയെ രക്ഷിക്കാന്‍തന്നെയാണ് അഭിഭാഷകര്‍ തെരുവ് യുദ്ധം നടത്തിയതെന്നും ഇവര്‍ സധൈര്യം അഭിപ്രായം രേഖപ്പടുത്തി. ജയശങ്കര്‍, ശിവന്‍ മഠത്തില്‍, സെബാസ്റ്റ്യന്‍ പോള്‍, സിപി ഉദയഭാനു, കാളീശ്വരം രാജ്, സംഗീത ലക്ഷ്മണ തുടങ്ങിയ അറിയപ്പെടുന്ന അഭിഭാഷകരെല്ലാംതന്നെ മാധ്യമപ്രവര്‍ത്തര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മീഡിയ റൂമിലോ കോടതിയിലോ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കില്ലയെന്നായിരുന്നു ഒരുവിഭാഗം അഭിഭാഷകരുടെ ഭീഷണി.  ഇവിടെ നിന്നുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ദൗത്യത്തിനപ്പുറം മാധ്യമപ്രവര്‍ത്തകര്‍ക്ക് യാതൊരു റോളുമില്ല. അതിനാവശ്യമായ ഭൗതിക സാഹചര്യം മാധ്യമങ്ങള്‍ക്ക് ഒരുക്കേണ്ടത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായുള്ള അടിസ്ഥാന സൗകര്യപ്രവര്‍ത്തനമാണ്. അഭിഭാഷകരുടെ ശമ്പളത്തില്‍ നിന്നോ ഫീസില്‍ നിന്നോ നിശ്ചിത തുക ഈടാക്കിയല്ല ഇത് ചെയ്യുന്നതെന്ന് ചുരുക്കം. കോടതിയെന്ന ജുഡീഷ്യല്‍ സംവിധാനവും ഡെമോക്രാറ്റിക് മെഷനറിക്ക് പുറത്ത്, അഭിഭാഷകര്‍ക്കും ന്യായാധിപന്‍മാര്‍ക്കും മാത്രമുള്ളതല്ല, മറിച്ച് എല്ലാ പൗരന്‍മാര്‍ക്കും അവകാശമുള്ളൊരു പൊതുസംവിധാനമാണ്. ഇത് നിലനിര്‍ത്തിപോകാനും അഭിഭാഷകരില്‍ നിന്ന് പ്രത്യേകം സാമ്പത്തിക സഹായമൊന്നും വാങ്ങുന്നുമില്ല. പിന്നെങ്ങനെ കോടതി അഭിഭാഷകരുടെ മാത്രമാകുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതും ഇവര്‍തന്നെ.

5

മാധ്യമപ്രവര്‍ത്തകരാണ് ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന രീതിയില്‍ ചര്‍ച്ചയുണ്ടാക്കാന്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വൈകാരികമായ അഭിപ്രായങ്ങളാണ് പലപ്പോഴും ഉയര്‍ന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതം തികച്ചും നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയാണ്.നേരാംവണ്ണം ശമ്പളംപോലും നല്‍കാത്ത മാധ്യമ സ്ഥാപനങ്ങളുണ്ട്. സമയക്ലിപ്തത, അവധി തുടങ്ങിയ കാര്യങ്ങളൊന്നും നേരാംവണ്ണമല്ല. ഇതൊക്കെയാണ് അവസ്ഥയെങ്കിലും ജീവിതത്തിന്റെ അരികിലേക്ക് തള്ളിയെറിയപ്പെട്ടവര്‍ക്കൊപ്പം നിലനില്‍ക്കുകയും അഴിമതിക്കാര്‍, കയ്യേറ്റക്കാര്‍, പ്രകൃതി ചൂഷകര്‍ എന്നിവര്‍ക്കെതിരെ പോരാട്ടം നടത്തുന്നതിലൂടെ ജനങ്ങളില്‍ ജനാധിപത്യത്തെക്കുറിച്ച് പ്രതീക്ഷ ജനിപ്പിക്കാനും കഴിയുന്നുണ്ട്. ഭൂമിയും വീടും റോഡും കുടിവെള്ളവുമൊക്കെ മാധ്യമവാര്‍ത്തകളുടെ ഫലമായി ലഭിച്ചവര്‍ ധാരാളമുണ്ട്. വാദിയില്‍ നിന്നും പ്രതിയില്‍ നിന്നുമൊക്കെ കൈനിറയെ പണം വാങ്ങി ഗൗണിന്റെ പോക്കറ്റിലേക്ക് തള്ളുന്ന നിങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകരെ ധാര്‍മ്മികത പഠിപ്പിക്കാന്‍ എന്തു നൈതികതയാണുള്ളതെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇതിന് എന്ത് ഉത്തരമാണ് അഭിഭാഷകരുടെ കയ്യിലുള്ളത്? മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതിനിടെ ചുമട്ടുതൊഴിലാളികളും ഓട്ടോ-ടാക്‌സി തൊഴിലാളികളുമൊക്കെ അഭിഭാഷകരെ കൈകാര്യം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ പോകുമ്പോള്‍ ആര്‍ക്കാണ് പിഴച്ചത്? എവിടെയാണ് തിരുത്തപ്പെടേണ്ടത്?

© 2024 Live Kerala News. All Rights Reserved.