സാവിത്രി നദിക്ക് കുറുകെ പാലം തകര്‍ന്ന് വീണ് കാണാതായ 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; അവശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് ബസ്സുകളും ടവേരയുമാണ് കാണാതായത്

മുംബൈ: റായ്ഗഡ് ജില്ലയിലെ മഹാഡിനടുത്ത് മുംബൈഗോവ ദേശീയപാതയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് വീണിരുന്നു. 18 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് ബസുകളും 10 യാത്രക്കാരുള്ള ടവേരയുമാണ് കാണാതായത്. ഇതില്‍ നാലു സ്ത്രീകളുള്‍പ്പെടെ 13 പേരുടെ മൃതദേഹങ്ങളാണിപ്പോള്‍ കണ്ടത്തെിയിട്ടുള്ളത്. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകട സ്ഥലത്തുനിന്ന് കിലോമീറ്ററുകളോളം ദൂരെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവയെ കൂടാതെ മൂന്നോളം മറ്റ് വാഹനങ്ങളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. കൊങ്കണ്‍ മേഖലയിലെ പാലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ചൊവാഴ്ച രാത്രിയാണ് പാലം തകര്‍ന്ന് വീണത്. ബാക്കിയുള്ളവര്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. 300 കിലോഗ്രാം ഭാരമുള്ള കാന്തത്തിന്റെ സഹായത്തോടെയാണ് വാഹനങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. കാന്തം ഭാരമുള്ള എന്തിലോ തട്ടി നിന്നതിനെത്തുടര്‍ന്ന് വസ്തു ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്നണ് നിഗമനം.

© 2024 Live Kerala News. All Rights Reserved.