ചെന്നൈ: നടി അമല പോളും തമിഴ് സംവിധായകന്‍ എഎല്‍ വിജയ്‌യും തമ്മിലുള്ള ദാമ്പത്യബന്ധത്തില്‍ വിള്ളലുണ്ടെന്നും ഇരുവരും പിരിയാന്‍ പോകുന്നു എന്നുമുള്ള വാര്‍ത്തകള്‍ ശരിവെച്ചുകൊണ്ട് വിജയ് രംഗത്തു വന്നു. താനും അമലയും തമ്മില്‍ വേര്‍പിരിഞ്ഞെന്നത് സത്യമാണെന്നും എന്നാല്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ യഥാര്‍ത്ഥമല്ലെന്നും വിജയ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹബന്ധത്തിന്റെ അടിത്തറയെന്നും അത് തകര്‍ന്നാല്‍ ബന്ധം അര്‍ഥശൂന്യമാകുമെന്നും വിജയ് കത്തില്‍ പറയുന്നു.
വിജയ് പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം
‘ഞാനും അമലയും പിരിയുന്നതിനെക്കുറിച്ച് തെറ്റായ വിവരങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള വാര്‍ത്തകള്‍ ഒട്ടേറെ ഞാന്‍ വായിച്ചു. ഇതില്‍ ‘വേര്‍പിരിയുന്നു’ എന്നത് മാത്രമാണ് സത്യമെന്നും മറ്റുള്ളതെല്ലാം വ്യാജപ്രചരണമാണെന്നും വ്യക്തമാക്കട്ടെ.
യഥാര്‍ഥ കാരണം എന്താണെന്നതിനെ കുറിച്ച് എനിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. ഇതേ സംബന്ധിച്ച് സംസാരിക്കാന്‍ സുഹൃത്തുക്കളും ആരാധകരും മാധ്യമ സുഹൃത്തുക്കളും നിര്‍ബന്ധിക്കുകയായിരുന്നു. പക്ഷേ സ്വകാര്യ ജീവിതത്തെ പൊതുമധ്യത്തില്‍ കൊണ്ടുവരേണ്ടെന്നു കരുതിയാണു മിണ്ടാതിരുന്നത്. പക്ഷേ ഇതിനിടയില്‍ പിതാവ് അദ്ദേഹത്തിന്റെ മനസിലെ ആകുലതകളെല്ലാം ഒരു ചാനലിനോടു തുറന്നു പറഞ്ഞു. ഏതൊരച്ഛനെയും പോലെയേ അദ്ദേഹവും ചെയ്തുള്ളൂ. പക്ഷേ പിന്നീടുള്ള വാര്‍ത്തകളെല്ലാം അതിനെ കേന്ദ്രീകരിച്ചായി. തീര്‍ത്തും ദുംഖകരമായ അവസ്ഥയാണിത്.
ഒമ്പതു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒരാളെന്ന നിലയില്‍ സമൂഹത്തോടുള്ള ബാധ്യതയെ കുറിച്ചെനിക്ക് വ്യക്തമായ ബോധ്യമുണ്ട്. കുലീനത്വവും ആത്മാഭിമാനവുമുള്ള പെണ്‍കഥാപാത്രങ്ങളാണ് എന്റെ ചിത്രത്തിലുള്ളത്. എന്റെ സിനിമകളില്‍ സ്ത്രീകളോടുള്ള എന്റെ നിലപാടുകള്‍ തന്നെയാണു വരച്ചുകാട്ടിയത്. സ്വാതന്ത്ര്യത്തോടെ ജീവിക്കേണ്ടവര്‍ തന്നെയാണു സ്ത്രീകളെന്ന നിലപാടിനെ എപ്പോഴും ശക്തമായി പിന്താങ്ങിയിരുന്നു. അമല സിനിമകളില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്നെക്കൊണ്ടു കഴിയാവുന്ന വിധത്തിലെല്ലാം ഞാന്‍ പിന്തുണച്ചിരുന്നു. കല്യാണ ശേഷം സിനിമയില്‍ തുടര്‍ന്നതാണു വിവാഹബന്ധം തകരാറിലാക്കിയതെന്നും എന്റെ വീട്ടുകാര്‍ക്ക് അതിഷ്ടമില്ലായിരുന്നുവെന്നുമുള്ള അമലയുടെ വാദത്തില്‍ ഒട്ടും വാസ്തവമില്ല.
ഒരു വിവാഹ ജീവിതത്തിന്റെ ആണിക്കല്ലെന്നു പറയുന്നത് സത്യസന്ധതയും വിശ്വാസ്യതയുമാണ്. അതില്ലാതാകുന്ന നിമിഷം ആ ബന്ധത്തിനും അര്‍ഥമില്ലാതെയാകും. വിവാഹമെന്ന സാമൂഹിക ഉടമ്പടിയ്ക്കും ബന്ധത്തിനും ഞാനേറെ വിലകല്‍പ്പിക്കുന്നു.
അമലയോടൊത്തുള്ള വിവാഹബന്ധം ഇങ്ങനെയാകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല. പക്ഷേ ഇനിയെനിക്ക് ബന്ധങ്ങളില്ല. മനസിലൊരുപാട് വേദനയുണ്ട് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതില്‍. ജീവിതം അന്തസായി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് എന്റെ തീരുമാനം.
എന്താണീ പ്രശ്‌നത്തിലെ ശരിയായ കാര്യം എന്നറിയാതെ ആണ്‍പെണ്‍ വേര്‍തിരിവില്‍ തൂങ്ങി പല മാധ്യമങ്ങളും വാര്‍ത്ത പടച്ചുവിട്ടു. സ്വകാര്യ ജീവിതത്തിലെ മാത്രമല്ല പ്രൊഫഷണല്‍ ജീവിതത്തിലെ എന്റെ നിലപാടുകളെ അത് തീര്‍ത്തും മോശമായി ബാധിച്ചു. ഈ വേര്‍പിരിയലിനേക്കാള്‍ വേദനിപ്പിച്ചത് അത്തരം വാക്കുകളാണ്. നിങ്ങള്‍ സ്വകാര്യ ജീവിതത്തിനു വിലകല്‍പ്പിക്കുന്നുവെങ്കില്‍ അതിനെ മാനിക്കുന്നുവെങ്കില്‍ ഇനിയെങ്കിലും ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നു പിന്തിരിയണം. എന്റെ ഈ പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.’
വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയുടെ വീട്ടുകാര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും അത് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം തന്നെ വിജയുടെ പൂര്‍ണ്ണ പിന്തുണ അമലയ്ക്കുണ്ടായിരുന്നുവെങ്കിലും അതിനിടയില്‍ ചില സൂപ്പര്‍ സ്റ്റാറുകളുടെ പേരില്‍ ചില മാധ്യമങ്ങളില്‍ അമലയ്‌ക്കെതിരെ വന്ന പരാമര്‍ശങ്ങള്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാക്കി. വേര്‍പിരിയല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണമായതോടെ ഇനി അമലയുടെ വാക്കുകള്‍ക്കായാണ് സിനിമാലോകം കാത്തിരിക്കുന്നത്.