ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വീണ്ടും പാകിസ്ഥാന്റെ നീക്കം. തങ്ങളുടെ വിദേശകാര്യ നയങ്ങളിലെ പ്രധാന അജണ്ടകളില്‍ ഒന്ന് കശ്മീരാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ വ്യക്തമാക്കി കഴിഞ്ഞു. ഇസ്ലാമാബാദിലെ ഉന്നതോദ്യോഗസ്ഥരുടെ ത്രിദിന കൂട്ടായ്മയിലാണ് ഇക്കാര്യം പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്. രാജ്‌നാഥ് സിംഗിന്റെ പാക് സന്ദര്‍ശനവേളയില്‍ ഷെരീഫ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ തന്നെയാണെന്ന വിലയിരുത്തല്‍ ശക്തമായിട്ടുണ്ട്. നേരത്തേ കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് വ്യക്തമാക്കി നവാസ് ഷെരീഫ് ലോകത്തിന്റെ ശ്രദ്ധയെ കശ്മീരിന് മുകളിലാക്കാന്‍ ശ്രമം നടത്തിയിരുന്നു. സ്വാതന്ത്ര്യവാഞ്ജ കശ്മീരി ജനതയുടെ രക്തത്തിലൂടെ ഓടുകയാണെന്നും പറഞ്ഞു. സര്‍ക്കാരിന്റെ നയമാണ് ഷെരീഫ് പറഞ്ഞതെങ്കിലും സാര്‍ക്ക് മീറ്റിംഗില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള രാജ്‌നാഥ് സിംഗിന്റെ ഇസ്ലാമാബാദ് സന്ദര്‍ശന വേളയില്‍ തന്നെ ഇത്തരം അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നതാണ് നെറ്റി ചുളിപ്പിക്കുന്നത്. കശ്മീരില്‍ സമാധാനം പുലരാന്‍ ആഗ്രഹിക്കാത്ത പാകിസ്ഥാന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹന്‍ വാനിയുടെ വധമാണ് ആയുധമാക്കിയിരിക്കുന്നത്. ഈ സംഭവം കയ്യിലെടുത്ത് കശ്മീരികളെ പ്രകോപിതരാക്കി തെരുവിലിറക്കിയതിന് പിന്നില്‍ പാകിസ്ഥാന്റെ കരങ്ങളാണെന്ന് വ്യക്തമായിരുന്നു.