കോട്ടയം: ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി റബര്‍ത്തോട്ടത്തിലെ കുറ്റിക്കാട്ടില്‍ തള്ളി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. നീണ്ടൂര്‍ സ്വദേശിനിയാണെന്നു സംശയമുണ്ട്. കാണാതായ നീണ്ടൂര്‍ സ്വദേശിനിയുടെ ബന്ധുക്കള്‍ മൃതദേഹം കണ്ടെങ്കിലും തിരിച്ചറിയാനായില്ല. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജ് പരിസരത്തുള്ള അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴുത്തില്‍ കുരുക്കാനുപയോഗിച്ച കൈലിയും പുരുഷന്റേതെന്നു സംശയിക്കുന്ന മുടിയും സംഭവസ്ഥലത്തുനിന്നു പൊലീസിനു ലഭിച്ചു. അതിരമ്പുഴ ഒറ്റക്കപ്പലുമാവ് അമ്മഞ്ചേരി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ റബര്‍തോട്ടത്തിലാണു മൃതദേഹം. യുവതിയുടെ കഴുത്തിലും മുഖത്തും കരുവാളിച്ച പാടുകളുണ്ട്. ബലപ്രയോഗത്തെ തുടര്‍ന്നുണ്ടായതാണ് ഇവയെന്നാണു സംശയം. മൂക്കില്‍നിന്നും നെറ്റിയിലെ ചെറിയമുറിവില്‍നിന്നും രക്തം മുഖത്തു പടര്‍ന്നിട്ടുണ്ട്. വലതുകയ്യില്‍ പൊള്ളലേറ്റതുപൊലുള്ള പാടും ഉണ്ട്. കൈലി ഉപയോഗിച്ചു കഴുത്തുമുറുക്കിയശേഷം, മുഖത്ത് ബലംപ്രയോഗിച്ച് അമര്‍ത്തിയാണു കൊലനടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വില്‍പന നടത്തുന്ന നീണ്ടൂര്‍ കൈപ്പുഴ സ്വദേശിനിയായ യുവതിയാണെന്നു സംശയത്തെ തുടര്‍ന്നാണ് ഇവരുടെ ബന്ധുക്കളെ മൃതദേഹം കാണിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.