ബാങ്കുവിളിയിലെ പട്ടികുരയും കൂണുപോലെ മുളയ്ക്കുന്ന ക്രൈസ്തവ ദേവാലയങ്ങളും; ആര്‍ ബാലകൃഷ്ണപിള്ളയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് അന്വേഷണം തുടങ്ങി; പിള്ളയ്‌ക്കെതിരെ കേസെടുത്തേക്കും

കൊല്ലം: മുസ്ലിംപള്ളികളിലെ ബാങ്കുവിളി പട്ടിക്കുരയ്ക്കുന്ന പോലെയാണെന്നും പത്ത് ക്രിസ്ത്യാനികള്‍ കൂടുന്നിടത്തെല്ലാം പള്ളികള്‍ ഉയരുകയാണെന്നുമുള്ള കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മുസ്ലിം ഐക്യവേദിയും യൂത്ത് കോണ്‍ഗ്രസും കൊല്ലം റൂറല്‍ എസ്.പി. അജിതാ ബീഗത്തിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലാണു പിള്ള പ്രസംഗിച്ചതെന്നു കാട്ടിയാണു സംഘടനകള്‍ പോലീസിനു പരാതി നല്‍കിയത്. ബാലകൃഷ്ണപിള്ളയ്ക്ക് എതിരേ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. വിവാദപ്രസംഗം നിഷേധിച്ചെങ്കിലും പ്രസംഗത്തിന്റെ പൂര്‍ണശബ്ദരേഖ പുറത്തുവന്നതോടെ പിള്ള പ്രതിരോധത്തിലായി. പ്രസംഗത്തിന്റെ പൂര്‍ണരൂപം പിടിച്ചെടുക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പത്തനാപുരം കമുകുംചേരിയില്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ യോഗത്തിനിടെ അടച്ചിട്ട മുറിയില്‍ നടന്ന യോഗത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളെ അദ്ദേഹം കടന്നാക്രമിക്കുകയായിരുന്നു. ഇതു വാര്‍ത്തയായതോടെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരായി വന്ന വാര്‍ത്ത തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായാണ് ബാലകൃഷ്ണപിള്ള ഇന്നലെ രംഗത്തുവന്നത്. എന്നാല്‍, പിള്ളയുടെ വാദങ്ങള്‍ തള്ളുന്നതായി വിവാദപ്രസംഗത്തിന്റെ പുറത്തുവന്ന ശബ്ദരേഖ. പൊതുവ്യക്തി നിയമം അടക്കമുള്ള വിഷയങ്ങളിലും മതന്യൂനപക്ഷങ്ങള്‍ക്ക് എതിരേയുള്ള ഭരണകൂട ഭീകരതയ്ക്ക് എതിരേയുമുള്ള തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.