ആട് ആന്റണിക്ക് ജീവപര്യന്തം; 4.45 ലക്ഷം രൂപ പിഴ നല്‍കണം; വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കൊല്ലപ്പെട്ട മണിയന്‍പിള്ളയുടെ ഭാര്യ സംഗീത

കൊല്ലം: പൊലീസ് ഡ്രൈവര്‍ മണിയന്‍ പിളളയെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ആട് ആന്റണിക്ക് കൊല്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 4.45ലക്ഷം പിഴയടക്കണം. മണിയന്‍പിള്ളയുടെയും കുത്തേറ്റ എഎസ്‌ഐ ജോയിയുടെയും കുടുംബത്തിന് ഓരോ ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വധശിക്ഷ നല്‍കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം താന്‍ നിരപരാധിയാണെന്ന് ആട് ആന്റണി കോടതിയെ അറിയിച്ചിരുന്നു. സര്‍വീസില്‍ ഇരിക്കെ മരണമടഞ്ഞ പൊലീസ് കോണ്‍സ്റ്റബിള്‍ മണിയന്‍പിള്ളയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. 2012 ജൂണ്‍ 26ന് മോഷണശ്രമത്തിനിടയില്‍ പിടിയിലായ ആട് ആന്റണി പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മണിയന്‍ പിള്ളയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മണിയനൊപ്പം ഉണ്ടായിരുന്ന എഎസ്‌ഐ ജോയിയെ കുത്തിപ്പരിക്കേല്‍പ്പിച്ചാണ് ആട് രക്ഷപ്പെട്ടത്. ജോയിയെ കുത്തിയതിന് പത്ത് വര്‍ഷവും മറ്റ് കേസുകള്‍ക്ക് അഞ്ച് വര്‍ഷവും ജീവപര്യന്തം കൂടാതെ അധിക ശിക്ഷ അനുഭവിക്കണം. ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്ത് കയറുന്നതില്‍ നിന്നും വിലക്കിയെങ്കിലും വാര്‍ത്ത പുറത്തുവിടുകയായിരുന്നു. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ വിധി പ്രഖ്യാപിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ രാവിലെത്തന്നെ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പുറത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതി വിവരങ്ങളെടുത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആട് ആന്റണിക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മണിയന്റെ ഭാര്യ സംഗീത. ആട് ആന്റണി ഇനി ജീവനോടെ പുറത്ത് വരരുതെന്നും സംഗീത പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.