പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണി കുറ്റക്കാരന്‍; ശിക്ഷ വെള്ളിയാഴ്ച്ച വിധിക്കും; കുപ്രസിദ്ധ മോഷ്ടാവിന്റെ പതനം ഇങ്ങനെ

കൊല്ലം: പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആട് ആന്റണിയെ കുറ്റക്കാരനായി വിധിച്ചിരിക്കുന്നത്. ശിക്ഷവിധി വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. 2012 ജൂണ്‍ 26ന് പുലര്‍ച്ചെ കൊല്ലം പാരിപ്പള്ളിയില്‍ കവര്‍ച്ചക്കിറങ്ങിയ ആട് ആന്റണിയെ പിടികൂടിയപ്പോഴാണ് പോലീസുകാരന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയത്. പിന്നീട് പ്രതി രക്ഷപെടുകയായിരുന്നു. കൊലപാതകം നടത്തി മുങ്ങിയ ആട് ആന്റണി കഴിഞ്ഞ ഒക്ടോബര്‍ 13ന് പാലക്കാട് വച്ചാണ് പിടിയിലായത്. തുടര്‍ന്ന് അതിവേഗമാണ് വിചാരണ നടന്നത്. കഴിഞ്ഞ 15ന് വിധിപറയാനിരുന്ന കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. നിരവധി മോഷണക്കേസുകളിലും കവര്‍ച്ചക്കേസുകളിലും കൊള്ളയിലും പങ്കുള്ളയാളാണ് ആട് ആന്റണി. കവര്‍ച്ചയും മറ്റും നടത്തിയശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങലാണിയാളുടെ പതിവ്. പത്തോളം ഭാര്യമാര്‍ ഇയാള്‍ക്കുള്ളതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.